ബെംഗളൂരു : കര്‍ണാടകയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപി എംപി ഉമേഷ് ജാഥവിന്‍റെ അടുത്ത അനുയായിയായ ഗിരീഷ് ചക്ര (31), പ്രാദേശിക നേതാവായ മഹാന്തപ്പ ആളൂര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. കലബുറഗി ജില്ലയില്‍ ഇന്നലെ (ഫെബ്രുവരി 29) ആയിരുന്നു രണ്ട് സംഭവങ്ങളും.
ഗിരീഷ് ചക്രയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനെ അടുത്തിടെയാണ് കലബുറഗി ഡിവിഷനിലെ ബിഎസ്എൻഎല്‍ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുത്തത്. ഫെബ്രുവരി 14നായിരുന്നു ഗിരീഷ് ചക്രയുടെ നിയമനം.
ഇതിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കള്‍ സഗനൂർ ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് ഗിരീഷ് ചക്രയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ 32കാരന്‍റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട ഗിരീഷ് ചക്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കലബുറഗി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ദേവാല ഗണഗാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസില്‍ പ്രതികളെ പിടികൂടാനായി കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ട മഹാന്തപ്പ ആളൂര്‍. ബൈക്കില്‍ കൃഷിയിടത്തിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മഹാന്തപ്പ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹാന്തപ്പയെ മഹാരാഷ്ട്രയിലെ സോലാപൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സംഘം വ്യക്തമാക്കി.