അനന്ത്നാഗ് : ബാരാമുള്ളയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിനില്‍ക്കെ കശ്‌മീരിലെ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. ആദ്യ ആക്രമണം പഹൽഗാമിന് സമീപമുള്ള തുറന്ന ടൂറിസ്റ്റ് ക്യാമ്പിന് നേരെയും രണ്ടാമത്തേത് തെക്കൻ കശ്‌മീരിലെ ഹിർപോറയിലെ മുൻ സർപഞ്ചിനു നേരെയും നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിൽ ഷോപ്പിയാനിൽ മുൻ സർപഞ്ച് കൊല്ലപ്പെടുകയും അനന്ത്‌നാഗിൽ വിനോദസഞ്ചാരത്തിനായി രാജസ്ഥാനിൽ നിന്നെത്തിയ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഷോപ്പിയാനിലെ ഹിർപോറയിൽ ഇന്നലെ (മെയ് 18) രാത്രി 10.30 ഓടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ മുൻ സർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖാണ് വെടിയേറ്റ് മരിച്ചത്. ജമ്മു കശ്‌മീരിലെ ഭാരതീയ ജനത പാർട്ടിയുടെ അംഗമായിരുന്നു ഐജാസ്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനന്ത്നാഗ്, ഷോപ്പിയാന്‍ മേഖലകളില്‍ അന്വേഷണം തുടരുകയാണെന്നും അക്രമികളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അനന്ത്നാഗിലെ യന്നാറിൽ ജയ്‌പൂർ നിവാസികളായ തബ്രേസിനും ഭാര്യ ഫർഹയ്‌ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം നിരീക്ഷണത്തിലാണെന്നും, കൂടുതൽ വിശദാംശങ്ങൾ അറിയിക്കുമെന്നും കശ്‌മീർ സോൺ പൊലീസ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.
അനന്ത്‌നാഗ്-രജൗരി സീറ്റിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ അഞ്ചാം റൗണ്ടിൽ മെയ് 20 ന് ബാരാമുള്ളയിൽ പോളിങ് നടക്കും. ജമ്മു കശ്‌മീരിലെ നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ ആക്രമണത്തെ അപലപിച്ചു.
'ഇന്ന് പഹൽഗാമിൽ നടന്ന ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു, അതേസമയം രണ്ട് വിനോദസഞ്ചാരികൾക്ക് പരിക്കേൽക്കുകയും മുൻ സർപഞ്ച് കൊലപ്പെടുകയും ചെയ്‌തു. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ഒരു കാരണവുമില്ലാതെ വൈകിയതും ആക്രമണങ്ങളുടെ സമയവും ആശങ്കാജനകമാണെ'ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്‍റുമായ മെഹബൂബ മുഫ്‌തി പറഞ്ഞു.
മെയ് 7 ന് തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ജമ്മു കശ്‌മീരിലെ ചില രാഷ്‌ട്രീയ പാർട്ടികൾ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് പോളിങ് മാറ്റിവയ്ക്കുകയായിരുന്നു. മെയ് 25 ന് വോട്ടെടുപ്പ് നടക്കും. നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ളയും വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ളയും ഭീകരാക്രമണത്തെ അപലപിച്ചു.
ALSO READ: ഗ്രാമത്തില്‍ ആയുധധാരി; കത്വയില്‍ തെരച്ചില്‍ ആരംഭിച്ച് സൈന്യം