ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റ് തകർന്നു. കൊപ്പൽ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാമിന്‍റെ 19-ാമത് ഷട്ടറിന്‍റെ ചങ്ങലയാണ് ഇന്നലെ (10-08-2024) രാത്രിയോടെ പൊട്ടിയത്. ഒറ്റ ഗേറ്റിലൂടെ വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.
ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുമുണ്ട്. അണക്കെട്ടിന്‍റെ സുരക്ഷക്കായി 33 ഗേറ്റുകളും തുറന്നു. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളില്‍ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തുംഗഭദ്ര അണക്കെട്ടിലെ 65 ടിഎംസി വെള്ളം പുറത്ത് വിടാതെ 19-ാം ഗേറ്റില്‍ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നാണ് കൊപ്പൽ ജില്ലാ ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി പറഞ്ഞത്. ഡാമിന്‍റെ സുരക്ഷയ്ക്ക് ബദൽ മാർഗമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവരം ലഭിച്ചയുടൻ മന്ത്രി സ്ഥലം സന്ദർശിച്ച് അണക്കെട്ട് പരിശോധിച്ചിരുന്നു.
ലഭിച്ച വിവരമനുസരിച്ച് 2,35,000 ക്യുസെക്‌സ് വരെ വെള്ളം തുറന്നു വിടാം. ഇതിൽ ഒരു പ്രശ്നവുമില്ല. നിലവില്‍ ഒരു ഗ്രാമത്തിലും വെള്ളം കയറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ രണ്ടര ലക്ഷം ക്യുസെക്‌സിൽ കൂടുതൽ വെള്ളം തുറന്നുവിട്ടാൽ ഒരു പരിധിവരെ കൃഷിനാശവും ഭൂമിയിൽ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read : 'സാമ്പത്തിക ഇടപാടുകള്‍ തുറന്ന പുസ്‌തകം, ഹിൻഡൻബര്‍ഗിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം': സെബി ചെയര്‍പേഴ്‌സണ്‍