ന്യൂഡൽഹി: ശാസ്‌ത്രി നഗറിലെ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് (ഓഗസ്റ്റ് 26) രാവിലെയാണ് സംഭവം.
സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് വരികയായിരുന്ന കാന്‍റര്‍ ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടന്ന 5 പേരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഫുട്‌പാത്തിൽ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പുലർച്ചെ 4.56 ഓടെയാണ് അപകടത്തെക്കുറിച്ച് സന്ദേശം എത്തിയതെന്ന് നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ഡോ. ജോയ് ടിർക്കി പറഞ്ഞു.
മരിച്ച മൂന്ന് പുരുഷന്മാരെ തിരിച്ചറിയാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുസ്‌താഖ്, കമലേഷ് എന്നിവരെ ജോയ് ജെപിസി ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read : ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്