ഉത്തര കന്നഡ (കര്‍ണാടക): പാലം തകര്‍ന്ന് കാളിനദിയില്‍ പതിച്ച ലോറിയിലെ മലയാളിയായ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍വാര്‍ നഗരത്തിന് സമീപമുള്ള കോഡിഭാഗയിലുള്ള പാലമാണ് തകര്‍ന്നത്. കാബിന് മുകളില്‍ കയറി പറ്റി ജീവന്‍ രക്ഷിച്ച ഡ്രൈവറെ പിന്നീട് മത്സ്യത്തൊഴിലാളികളും പൊലീസും വള്ളത്തിലെത്തി കരകയറ്റി. രാധാകൃഷ്‌ണ നള സ്വാമി (37) എന്ന ഡ്രൈവറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കയറിയത്.
കാര്‍വാറിനെയും ഗോവയെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 12.50ഓടെയാണ് അപകടമുണ്ടായത്. പാലത്തിന്‍റെ തൂണുകള്‍ തകര്‍ന്ന് പാലം നദിയില്‍ പതിക്കുകയായിരുന്നു. ഈ സമയം ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് വരികയായിരുന്ന ട്രക്ക് നദിയിലേക്ക് പതിച്ചു. ഉടന്‍ തന്നെ നദിയിലുണ്ടായിരുന്ന മീന്‍പിടിത്തക്കാരും സമീപത്തെ പൊലീസുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് ക്രിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ലോറി പൂര്‍ണമായും നദിയില്‍ മുങ്ങി. കാബിന്‍ മാത്രമാണ് വെള്ളത്തിന് മുകളില്‍ കാണാനായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ ക്യാബിന് പുറത്തെത്തി ക്യാബിന് മുകളില്‍ കയറിപ്പറ്റി. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസും മത്സ്യത്തൊഴിലാളികളും സ്ഥലത്തെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.
സംഭവമറിഞ്ഞ ഉടന്‍ തന്നെ ഉത്തരകന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് നാരായണ്‍, എഎസ്‌പി ജയകുമാര്‍, ഡിഎസ്‌പി ഗിരീഷ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. ജില്ലാ കലക്‌ടര്‍ ലക്ഷ്‌മിപ്രിയ, എംഎല്‍എ സതീഷ് സെയ്‌ല്‍, എന്നിവരും വിവരമറിഞ്ഞ് രാത്രി തന്നെ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഉത്തരകന്നഡയിലെ ഷിരൂരില്‍ അശാസ്‌ത്രീയമായി നിര്‍മ്മിച്ച ഹൈവേയിലേക്ക് മണ്ണിടിഞ്ഞ് അപകടമുണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ അപകടം.
പുതിയ പാലത്തില്‍ ഗതാഗത നിരോധനം
ഐആര്‍ബി കമ്പനി നിര്‍മ്മിച്ചപുതിയ പാലത്തില്‍ ഹൈവേ അധികൃതര്‍ ഗുണനിലവാര പരിശോധന നടത്തണമെന്ന് കലക്‌ടര്‍ ലക്ഷ്‌മി പ്രിയ ഉത്തവിട്ടു. പാലത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പാലത്തിന്‍റെ റിപ്പോര്‍ട്ട് വരും വരെയാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കാര്‍വാര്‍ മുതല്‍ ഗോവ വരെയുള്ള ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു.
ദേശീയ പാത 66ലെ തകര്‍ന്ന പാലത്തിന് 60 കൊല്ലം പഴക്കമുണ്ട്. രണ്ട് കൊല്ലം മുമ്പും അറ്റകുറ്റപ്പണികള്‍ നടത്തിയതാണ്. തൊട്ടടുത്ത് പുതിയ പാലം നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ രണ്ട് പാലത്തിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Also Read: കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?