അഗർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം അധ്യാപകനെ ആക്രമിച്ച് കൊലപ്പെടുത്തി. ത്രിപുരയിലെ ഗോമതി ജില്ലയിലെ നാല്‍പ്പതുകാരനായ അധ്യാപകനെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഉദയ്‌പൂർ ടൗണിൽ ഒരു സ്വകാര്യ ട്യൂഷനിടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇതേത്തുടർന്ന് വ്യാഴാഴ്‌ച അധ്യാപകനെ നാട്ടുകാർ ക്രൂരമായി മർദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം, ആഗസ്‌റ്റ് എട്ടിന് രാത്രി ഭാര്യയുടെ സാന്നിധ്യത്തിൽ നാട്ടുകാർ ഇയാളെ ആർകെ പുർ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, ഇയാൾക്കെതിരെ പീഡനത്തിന് കേസെടുത്തു. ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം, പ്രതിയെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി അസിസ്‌റ്റന്‍റ് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് (ലോ ആൻഡ് ഓർഡർ) അനന്ത ദാസ് പറഞ്ഞു.
പിന്നീട് ഇയാളെ അറസ്‌റ്റ് ചെയ്യുകയും തുടർന്ന് വെള്ളിയാഴ്‌ച പ്രാദേശിക കോടതിയിൽ നിന്ന് ഇയാള്‍ ജാമ്യം നേടുകയും ചെയ്‌തു. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം അധ്യാപകന് അസ്വസ്ഥതകള്‍ ഉണ്ടയതായും അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദാസ് പറഞ്ഞു. ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അധ്യാപകനെ ആക്രമിച്ച സംഭവത്തെ ത്രിപുര ധനമന്ത്രി പ്രണജിത് സിങ് റോയ്, പ്രാദേശിക എംഎൽഎ എന്നിവർ അപലപിച്ചു. ആർക്കെതിരെയും ആരോപണങ്ങൾ ഉണ്ടാകാം എന്നാൽ നിയമം കൈയിലെടുക്കുന്നത് കുറ്റകരമാണെന്ന് മുഖ്യമന്ത്രി മണിക് സാഹ പ്രതികരിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: പത്തു വയസുകാരനെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ