അഗർത്തല (ത്രിപുര) : ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗൺസിൽ പരീക്ഷയുടെ ഉത്തര സൂചിക (Answer Key) ചോർച്ചയുമായി ബന്ധപ്പെട്ട് 42 കാരനായ പ്രതിയെ ത്രിപുര പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചയാൻ സാഹ എന്നയാളാണ് പിടിയിലായത്. അടുത്തിടെ നടന്ന കേസിലാണ് സയൻ ഘോഷിനും ചയാൻ സാഹയ്ക്കുമെതിരെ ടിടിഎഎഡിസി ബോർഡ് കേസെടുത്തിരിക്കുന്നത്.
എസ്‌ഡിഒ, ഡിപിഒ റിക്രൂട്ട്‌മെന്‍റിന്‍റെ ഉത്തര സൂചിക ചോർച്ചയെക്കുറിച്ച് ടിടിഎഎഡിസി പരീക്ഷ ബോർഡ് അംഗം പ്രദീപ് ദേബ്ബർമ (ടിസിഎസ് ഓഫിസർ) ജൂൺ 8 ന് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നതായി ത്രിപുര വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ ഓഫിസർ ഇൻ ചാർജ് പരിതോഷ് ദാസ് പറഞ്ഞു. തുടര്‍ന്ന് ജൂൺ 9 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.
"ബോർഡ് ചെയർമാൻ ഉത്തര കടലാസ് ഫോട്ടോകോപ്പി എടുക്കുന്നതിനായി ചയാൻ സാഹയുടെ കടയിൽ നൽകിയിരുന്നു. ജൂൺ 8 ന് ഇത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചയാൻ അപ്‌ലോഡ് ചെയ്‌തു," -പരിതോഷ് ദാസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 120 ബി, 418,420, 381 പ്രകാരമാണ് ഫോട്ടോകോപ്പി കടയുടമ ചയാൻ സാഹയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. "ഫോട്ടോകോപ്പി എടുക്കാൻ ബോർഡ് ചെയർമാൻ ദത്ത മോഹൻ ജമാതിയയാണ് ഉത്തരസൂചിക അദ്ദേഹത്തിന് നൽകിയത്," എന്ന് ത്രിപുര വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു എന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ : നോര്‍ക്ക റൂട്ട്സില്‍ IELTS & OET മോക്ക് ടെസ്റ്റ് (ഓഫ്‌ലൈന്‍) പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം