ഗുവാഹത്തി: അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജി വച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് പുറമെ പ്രാഥമിക അംഗത്വവും റിപുൻ ബോറ രാജിവച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി അരുപ്ജ്യോതി ഭൂയാൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജനറൽ സെക്രട്ടറി ഗജേന്ദ്ര പ്രസാദ് ഉപമന്യു, ജനറൽ സെക്രട്ടറി സുൽഫിക്കർ ഹുസൈൻ എന്നിവരും റിപുൻ ബോറയ്‌ക്കൊപ്പം പാർട്ടി വിട്ടു.
റിപുൻ ഇന്ന് (സെപ്‌റ്റംബർ 01) തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് രാജിക്കത്ത് അയയ്‌ക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് ഏത് പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
"പശ്ചിമ ബംഗാളിലെപ്പോലെ, അസമിലും ബിജെപിയെ നേരിടുന്നതിനായി ഒരു വേദി സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത്തരമൊരു സ്വപ്‌നത്തോടെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായിട്ടും അസമിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ അംഗീകരിക്കില്ലായെന്ന് എനിക്ക് മനസിലായി. കാരണം അസമിലെ ജനങ്ങൾ വിചാരിച്ചിരിക്കുന്നത് അത് ബംഗാളിൻ്റെ പ്രാദേശിക പാർട്ടിയാണെന്നാണ്".
"ഞങ്ങൾ അസമിലെ ജനങ്ങളെ മനസിലാക്കിക്കൊടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും അവർക്ക് മനസിലായില്ല. അതിനാൽ ഞങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കില്ലെന്ന് ഞങ്ങൾക്ക് മനസിലായി. ഇക്കാരണത്താലാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. ബിജെപി വിരുദ്ധ പാളയത്തിൽ തന്നെ തുടരുന്നതായിരിക്കും. മറ്റൊരു പാർട്ടിയിൽ ചേരുന്നതിനായി ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിലേക്ക് തിരിച്ച് പോകുന്നതിനായി എനിക്ക് എന്തായാലും എതിർപ്പില്ല". റിപുൻ ബോറ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ മുന്‍ പ്രസിഡൻ്റും മന്ത്രിയുമായ റിപുൻ ബോറ 2022 ഏപ്രിൽ 17 ന് ആണ് പാർട്ടി വിട്ടത്. 1976 മുതൽ കോൺഗ്രസുമായി ബന്ധമുള്ള റിപുൻ ബോറ, രാജ്യസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതിന് ശേഷം അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
Also Read: സ്‌പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‌തു; തൃണമൂൽ എംഎൽഎമാർക്ക് പിഴയിട്ട് ബംഗാള്‍ ഗവർണര്‍