ജമ്മു കശ്‌മീർ: യോഗ ദിനം പല രീതികളിൽ ആചരിക്കുന്നത് കണ്ട കാഴ്‌ച തന്നെ. എന്നാൽ പതിവിൽ നിന്നും വ്യത്യസ്‌തമാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഭാഗമായി ജമ്മു കശ്‌മീരിലെ ഉധംപൂരിൽ നടന്ന യോഗാഭ്യാസം. ഇത്തവണ ദേശീയ ദുരന്ത നിവാരണ സേനയോടൊപ്പം യോഗ ചെയ്യാനെത്തിയത് പ്രത്യേക പരിശീലനം നേടിയ ഇന്ത്യൻ പരിയ നായയായ ജിമ്മി. മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും യോഗ ചെയ്യാൻ സാധിക്കുമെന്ന് ഇതിലൂടെ കാണിച്ചു തരുകയാണ് ജിമ്മി.
എൻഡിആർഎഫ് ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രത്യേക പരിശീലനം ലഭിച്ച നായ യോഗയിൽ പങ്കുചേർന്നത്. പരിശീലകർ നൽകുന്ന നിർദേശങ്ങൾക്കൊത്ത് നായ യോഗാസനങ്ങൾ അഭ്യസിക്കുന്ന കാഴ്‌ച കാഴ്‌ചക്കാർക്ക് അത്‌ഭുതം തന്നെയായിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായുള്ള യോഗയുടെ പ്രാധാന്യം ഊന്നിപറയുന്നതായിരുന്നു ഉധംപൂരിൽ നടന്ന യോഗാഭ്യാസം.
ഇന്ത്യയുടെ ഭീമാകാരമായ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്ത്യൻ സായുധ സേനയും സുരക്ഷ ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചിരുന്നു. ശ്രീനഗര്‍ എസ്‌കെ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച പത്താമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.