ധര്‍മപുരി: ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. തമിഴ്‌നാട്ടിലെ നാവലായി, ഹാരൂരിലാണ് സംഭവം. പാഞ്ചാലി എന്ന 59 കാരിയെയാണ് ബീഫ് വില്‍ക്കാന്‍ പോകുന്നതിനിടെ ബസില്‍ നിന്ന് ഇറക്കിവിട്ടത്.
ഹാരൂരിലേക്ക് പോവുകയായിരുന്ന പാഞ്ചാലിയെ കണ്ടക്ടര്‍ രഘു ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസില്‍ ബീഫ് കയറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് പാഞ്ചാലി അറിയിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. പാഞ്ചാലിയെ മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയില്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. അടുത്ത സ്റ്റോപ്പിലേക്ക് നടന്നെത്തിയ പാഞ്ചാലി കുടുംബത്തെയും വിവരമറിയിച്ചു.
തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. പഞ്ചാലി ആവശ്യപ്പെട്ട പ്രകാരം സ്റ്റോപ്പില്‍ തന്നെയാണ് ഇറക്കിയതെന്നാണ് ബസ് ഡ്രൈവര്‍ ശശികുമാറും കണ്ടക്ടറും പറഞ്ഞത്.
ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്‌തത്. മുമ്പ് ഇതേ പ്രദേശത്ത്, ജോലിക്കാരായ സ്‌ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്‍കിയതിന് രണ്ടു സ്‌ത്രീകളെ അറസ്റ്റ് ചെയ്‌തിരുന്നു.