ചിന്ദ്വാര : മധ്യപ്രദേശിലെ പെഞ്ച് കടുവ സങ്കേതത്തിൽ നിന്ന് നാനൂറ് കിലോമീറ്റർ സഞ്ചരിച്ച് ഛത്തീസ്‌ഗഡിലെ അമൻകാമർ കടുവ സങ്കേതത്തിലെത്തി പെണ്‍കടുവ. വനംവകുപ്പ് ജിപിഎസും ക്യാമറയും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കടുവ നാനൂറ് കിലോമീറ്റര്‍ താണ്ടിയതായി കണ്ടെത്തിയത്. 2022ൽ ഓൾ ഇന്ത്യ ടൈഗർ അസസ്‌മെന്‍റ് നടക്കുന്ന സമയത്ത് കർമസിരി, ഘട്കോഹ പ്രദേശങ്ങളിലെ ക്യാമറകളിൽ ഈ കടുവ പതിഞ്ഞിട്ടുണ്ടെന്ന് പെഞ്ച് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടർ രജനീഷ് കുമാർ സിങ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, 2023 മുതൽ ഈ കടുവയെ അമൻകാമർ ടൈഗർ റിസർവിൽ കാണുന്നുണ്ടെന്ന് അമന്‍കാമര്‍ മാനേജ്മെന്‍റ് അറിയിച്ചു. ഇത് ഒരേ കടുവയാണെന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്.
പെഞ്ച് കടുവ സങ്കേതത്തില്‍ നൂറിലധികം കടുവകളാണുള്ളത്. ടൈഗർ റിസർവിന്‍റെ വിസ്‌തൃതി വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി കർമസിരി പ്രദേശവും റിസർവായി പ്രഖ്യാപിച്ചിരുന്നു. സ്ഥല പരിമിതിയാണ് കടുവകള്‍ റിസർവ് ഏരിയയിൽ നിന്ന് പുറത്ത് കടക്കുന്നത് എന്നാണ് കണ്ടെത്തല്‍. എന്നാൽ ഇതാദ്യമായാണ് ഒരു കടുവ 400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പുതിയ സ്ഥാനം തേടുന്നത്.