ബാലാഘട് : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ നദിയിൽ കടുവയുടെ ജഡം കണ്ടെത്തി. വൈദ്യുതാഘാതമേറ്റാണ് കടുവ ചത്തതെന്നാണ് നിഗമനം. കടുവയുടെ നഖങ്ങൾ നഷ്‌ടപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.
തുംഡി തോലയ്ക്ക് സമീപം ചന്ദൻ നദിയിലാണ് ഇന്ന് (17-03-2024) രാവിലെ ജഡം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് എട്ട് മുതൽ പത്ത് ദിവസം വരെ പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതാഘാതമേറ്റാണ് കടുവ ചത്തതെന്ന് പ്രഥമദൃഷ്‌ട്യാ സംശയിക്കുന്നതായി വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചർ ശിവ് നാഗേശ്വർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Also Read : ഒഡീഷയിലെ കടുവകളുടെ എണ്ണം 30 ആയി ; ഏറ്റവും കൂടുതല്‍ കടുവകളെ കാണുന്നത് സിമിലിപാൽ ടൈഗർ റിസർവിലെന്ന് റിപ്പോർട്ട്
മരണകാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും സംഭവ സ്ഥലത്തേക്ക് ഡോഗ് സ്ക്വാഡിനെ അയച്ചിട്ടുണ്ടെന്നും ബാലാഘട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് എ പി എസ് സെൻഗർ പറഞ്ഞു. കാണാതായ നഖങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതേപ്പറ്റയും അന്വേഷണം നടക്കുകയാണ്. പോസ്‌റ്റ്മോർട്ടത്തിന് ശേഷം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദ്ദേശങ്ങൾ പ്രകാരം മൃതദേഹം സംസ്‌കരിച്ചു. കടുവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.