ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളുടെയും സിഖുകാരുടെയും ഭൂമി-ഭവന അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ താലിബാന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. ഇന്ത്യ ഈ തീരുമാനത്തെ സ്വാഗതം ചെയ്‌തു. ഇതൊരു ശുഭകരമായ മാറ്റമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ചൗധരി പറഞ്ഞു. പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്‌ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ സിക്കുകാരുടെയും ഹിന്ദുക്കളുടെയും പിടിച്ചെടുത്ത വസ്‌തുക്കള്‍ തിരിച്ച് നല്‍കുമെന്ന താലിബാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. താലിബാന്‍ അധികാരത്തിലെത്തിയതോടെ തങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇതെല്ലാം ഉപേക്ഷിച്ച് ഹിന്ദുക്കളും സിഖുകാരും പലായനം ചെയ്‌തത്. എന്നാല്‍ ഇവര്‍ ഖൊറസന്‍ പ്രവിശ്യയിലെ ഐഎസ് പോരാളികളുടെ കൂടി ഇരകളാകുകയായിരുന്നു. അമേരിക്ക അഫ്‌ഗാനില്‍ നിന്ന് പിന്‍മാറിയതോടെ താലിബാനും ഇവര്‍ക്ക് ഭീഷണിയായി.
2022 ല്‍ താലിബാൻ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കുമെതിരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. ഒരിക്കല്‍ ഗുരുദ്വാരയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതേ തുടര്‍ന്ന് സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്‍റെ അവസാന രണ്ട് സ്വരൂപങ്ങള്‍ കാബൂളില്‍ നിന്ന് 2023ല്‍ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടു വരാനും ഇവര്‍ നിര്‍ബന്ധിതരായി.
കാബൂളിലെ താലിബാന്‍ വാഴ്‌ചയെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കാബഹൂളില്‍ നിന്നുള്ള വ്യാപാരികള്‍ക്കും അഫ്‌ഗാനില്‍ നിന്നുള്ള യാത്രികര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ത്യ ഒരു സാങ്കേതിക സംഘത്തെ അവിടെ നിയോഗിച്ചിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിട്ടുണ്ട്.
Also Read:സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കി താലിബാൻ: അപലപിച്ച് യുഎൻ
എന്നാല്‍ യുദ്ധബാധിത മേഖലയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വീഴ്‌ച വരുത്തിയിട്ടില്ല. അഫ്‌ഗാനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് 2021 ഓഗസ്‌റ്റില്‍ താലിബാന്‍ അഫ്‌ഗാന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.