ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ വേനല്‍ക്കാലത്ത് സാധാരണയേക്കാള്‍ കൂടുതല്‍ താപനില അനുഭവപ്പെടാന്‍ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. വേനല്‍ക്കാലമുടനീളം എൽ നിനോ കാലാവസ്ഥ തുടരുന്നതാണ് താപനില വര്‍ധിക്കാന്‍ കാരണം. നിലവില്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലും കൂടാതെ മഹാരാഷ്‌ട്രയുടെയും ഒഡിഷയുടെയും പല ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്.
അതേസമയം മാർച്ചിൽ രാജ്യത്ത് സാധാരണയിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും കൂടുതലും കുറഞ്ഞതുമായ താപനിലയും ഇന്ത്യ കാണാനിടയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഡയറക്‌ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ചിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്‌ണതരംഗ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.