ഹൈദരാബാദ്: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമം പിന്‍വലിക്കുന്നത് പരിഗണിച്ച് തെലങ്കാന സര്‍ക്കാര്‍. 1990കള്‍ക്ക് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശില്‍ നിലനിന്നിരുന്ന നിയമത്തിലേക്ക് തിരിച്ച് നടക്കാനാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ നഗരമേഖലകളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ മത്സരിക്കരുതെന്ന നിയമം തെലങ്കാന എടുത്ത് മാറ്റിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആന്ധ്രാപ്രദേശ് നിയമസഭ നേരത്തെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നഗരമേഖലകളിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന നിയമം പാസാക്കിയിരുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തില്‍ തിരുത്തല്‍ വരുത്തിക്കൊണ്ടാണ് പുതിയ നിയമം ആന്ധ്രാസര്‍ക്കാര്‍ പാസാക്കിയത്.
മണ്ഡല പുനര്‍നിര്‍ണയം നടപ്പില്‍ വരുന്നതോടെ മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മണ്ഡലങ്ങള്‍ നഷ്‌ടമാകുന്ന സാഹചര്യമുണ്ടാകുമെന്നൊരു ആശങ്ക പല പ്രധാന നേതാക്കളും ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ജനസംഖ്യയില്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി കുടുംബാസൂത്രണം നടപ്പാക്കി വരുന്നു. എന്നാല്‍ ഇതിനെ അഭിനന്ദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അടുത്തിടെ കൂടുതല്‍ കുട്ടികള്‍ എന്ന ആശയത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
സംസ്ഥാനത്തെ യുവാക്കളുടെ എണ്ണം കുറയുന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു നായിഡു ഇങ്ങനെ ഒരു അഭിപ്രായം പങ്കിട്ടത്. അതേസമയം ഒരു തമിഴ് ചൊല്ല് ചൂണ്ടിക്കാട്ടി ആയിരുന്നു സ്റ്റാലിന്‍റെ പരാമര്‍ശം. ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് പരാമര്‍ശിക്കവെ ആളുകള്‍ പതിനാറ് കുട്ടികളെക്കുറിച്ചെങ്കിലും ആലോചിക്കണമെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
Also Read: മണ്ഡല പുനര്‍നിര്‍ണയം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭാവിയെന്ത്?