ബെംഗളൂരു (കർണാടക) : ബെംഗളൂരുവിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ ക്ഷാമം പരിഹരിക്കാൻ കർണാടക സർക്കാർ കാണിക്കുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാരതീയ ജനത പാർട്ടി എം പി തേജ്വസി സൂര്യ (Bengaluru Water Crisis). ജനങ്ങൾ നേരിടുന്ന പ്രശ്‌നം എത്രയും വേഗത്തിൽ പരിഹരിക്കുന്നതില്‍ അധികാരികൾ പരാജയപ്പെട്ടാൽ കർണാടക സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും തേജ്വസി സൂര്യ സർക്കാറിന് മുന്നറിയിപ്പ് നൽകി.
സംസ്ഥാനം നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ഏഴ് ദിവസമാണ് സമയപരിധി അനുവദിച്ചിട്ടുള്ളത്. ഒരാഴ്‌ചക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾ സർക്കാർ നേരിടാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (Bangalore Water Supply and Sewerage Board -BWSSB) ചെയർമാൻ രാം പ്രസാത് മനോഹറുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സർക്കാറിന് തേജ്വസി സൂര്യ മുന്നറിയിപ്പ് നൽകിയത്.
ജലക്ഷാമം നേരിടുന്ന ഈ സാഹചര്യം വരുമെന്ന് അറിയാമായിരുന്നിട്ടും സർക്കാറിന്‍റെ ഭാഗത്ത് നിന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കർ പരാജയപ്പെട്ടു എന്നാണ് തേജ്വസി സൂര്യയുടെ ആരോപണം. സർക്കാറിന്‍റെ അവഗണനയുടെ ഫലമാണ് ഇന്ന് ബെംഗളൂരുവിലെ ജനങ്ങൾ നേരിടുന്ന ജലക്ഷാമം എന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
അധികാരത്തിലിരിക്കുന്നവർ തീരുമാനം എടുക്കുന്നതിൽ താമസം കാണിക്കുന്നത് ജനങ്ങളോട് കാണിക്കുന്ന് അവഗണനയാണ്. ഒരാഴ്‌ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളോട് സർക്കാർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കർണാടക സെക്രട്ടേറിയറ്റിന് മുൻപിൽ വലിയ രീതിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സൂര്യ പറഞ്ഞു.