പട്‌ന: ബിഹാറില്‍ പുനരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് ആർജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാറിലെ സസാറാമിലാണ് ഇന്ന് (16-02-2024) രാഹുല്‍ഗാന്ധിയോടൊപ്പം തേജസ്വി യാദവ് പങ്കെടുത്തത്. ന്യായ് യാത്ര ഇന്ന് ബിഹാറില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കടക്കും.
ബിഹാറിലെ കൈമൂറില്‍ നടക്കുന്ന പൊതുയോഗത്തിലും തേജസ്വി യാദവ് പങ്കെടുക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാർ ഇന്‍ഡ്യ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുന്നത്.
"ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ 34-ാം ദിവസമാണ്. രോഹ്താസില്‍ വെച്ച് രാഹുല്‍ ഗാന്ധി കര്‍ഷക നേതാക്കളോട് സംസാരിക്കും. ഉച്ചയ്ക്ക് 2.30 ഓടെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ചേര്‍ന്ന് കൈമൂറിലെ യോഗത്തെ അഭിസംബോധന ചെയ്യും. 5 മണിയോടെ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും." മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ജയറാം രമേഷ് പറഞ്ഞു.
യുപിയിലെ ചണ്ഡൗലിയിലായിരിക്കും ഇന്ന് യാത്ര പ്രവേശിക്കുക. ഫെബ്രുവരി 25 വരെ ന്യായ് യാത്ര യുപിയില്‍ തുടരും. 22, 23 തീയതികളില്‍ ഇടവേളയാണ്. പ്രിയങ്ക ഗാന്ധിയും ഉത്തര്‍ പ്രദേശില്‍ നിന്ന് ന്യായ് യാത്രയ്ക്ക് ഒപ്പം ചേരും. ചണ്ഡൗലിയിലേക്ക് യാത്ര പ്രവേശിക്കുന്ന വേളയിലായിരിക്കും പ്രിയങ്ക ഗാന്ധി യാത്രയോടൊപ്പം ചേരുക.
വ്യാഴാഴ്ച ഔറംഗാബാദില്‍ നടന്ന റാലിയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിരുന്നു. മണിപ്പൂരില്‍ തുടങ്ങി മുംബൈയില്‍ അവസാനിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെ കടന്ന് 6,700 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
Also Read: 'ഞങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളവരല്ല': കടുപ്പിച്ച് കര്‍ഷകര്‍, ചര്‍ച്ച മൂന്നാംവട്ടവും ഫലം കണ്ടില്ല