കാണ്‍പൂര്‍ : പതിനേഴുകാരനെ തട്ടക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള ബിത്തൂരിലെ ഒരു അഭിഭാഷകനും കൂട്ടരും ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. കൊല്ലാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ ഇതിന് മുമ്പ് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സഹപാഠിയായ തന്‍റെ മകള്‍ക്കൊപ്പം ശീതളപാനീയം കഴിച്ചതിനാണ് അഭിഭാഷകനായ ബ്രജ് നരെയ്ന്‍ നിഷാദ് ആണ്‍കുട്ടിയെ ക്രൂരമായി ശിക്ഷിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്ക് തട്ടിക്കൊണ്ടുപോയ കുട്ടിയെ ഇയാളുടെ ആള്‍ക്കാര്‍ തല്ലിച്ചതച്ച് മൃതപ്രായനാക്കിയെന്ന് കല്യാണ്‍പൂര്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ അഭിഷേക് പാണ്ഡെ പറഞ്ഞു.
ബയ്‌ന്‍കൂത്ത്പൂരിലെ ഒരു കോളജില്‍ ഫാര്‍മസി ബിരുദ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ആണ്‍കുട്ടിയും അഭിഭാഷകന്‍റെ മകളും. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരന്‍ ഇപ്പോള്‍ ആശുപത്രിയില്‍ അതീവ ഗുരുതര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അഭിഭാഷകനെതിരെ തട്ടിക്കൊണ്ടു പോകലിനും കൊലപാതക ശ്രമത്തിനും കേസെടുത്തു.
ഇയാള്‍ക്ക് പുറമെ സഹോദരന്‍ തേജ് നരെയ്‌നും മറ്റ് നിരവധി പേരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒരു സംഘം അഭിഭാഷകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പതിനേഴുകാരന്‍ കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ പിടികൂടുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിച്ചു.
അഭിഭാഷകരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പതിനേഴുകാരനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ഐപിസി 354, പോക്‌സോ നിയമത്തിലെ 7/8തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അഭിഭാഷകനെയും സഹോദരനെയും ശനിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്‌തതോട് അഭിഭാഷകര്‍ കോടതി നടപടികളില്‍ നിന്ന് വിട്ടു നിന്നു.
ബിത്തൂരിലും കോടതി പരിസരത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിഭാഷകന്‍ നിരവധി തവണ കുട്ടിയെ വെള്ളത്തില്‍ മുക്കിയതായും റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകന്‍ കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയതോടെ കുടുംബാംഗങ്ങള്‍ ബിത്തൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. ഇത് കൊണ്ടാണ് കുട്ടിയെ ജീവനോടെ രക്ഷിക്കാനായത്.
Also Read: പൂജപ്പുര ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും