ന്യൂഡല്‍ഹി : ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ (ഫെബ്രുവരി 7) ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎയിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്‌ച.
അമിത് ഷായ്‌ക്ക് പുറമെ തെലുങ്കുദേശം പാര്‍ട്ടി എംപി ജയദേവ് ഗല്ലയുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ഫെബ്രുവരി 6) പാര്‍ലമെന്‍റില്‍ നടത്തിയ തന്‍റെ അവസാന പ്രസംഗത്തില്‍ താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് ജയദേവ് ഗല്ല പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗല്ല പ്രശംസിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന അദ്ദേഹത്തിന്‍റെ ഭരണത്തില്‍ ഇന്ത്യയില്‍ പുരോഗതി കൈവരിച്ചുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും ആഗോള നിലവാരം മെച്ചപ്പെടുത്തിയതിലും അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും ജയദേവ് ഗല്ല പറഞ്ഞു. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന മോദിജിയുടെ കീഴിലുള്ള സര്‍ക്കാരിനെ പുകഴ്‌ത്താതിരിക്കാന്‍ കഴിയില്ല. ഈ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിപ്പോഴെന്നും ജയദേവ് ഗല്ല പറഞ്ഞു.
വീണ്ടും ബിജെപിയിലേക്ക് : 2019ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ചന്ദ്രബാബു നായിഡുവും സഖ്യവും ബിജെപി ഉപേക്ഷിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വീണ്ടും ബിജെപിയിലെത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിന് വേണ്ടിയാണ് ചന്ദ്ര ബാബു നായിഡു അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്താന്‍ ഡല്‍ഹിയിലെത്തിയത്.
നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിയുമായി ടിഡിപി നേരത്തെ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പവന്‍ കല്ല്യാണിലൂടെയാണ് വീണ്ടും എന്‍ഡിഎയിലേക്കുള്ള വഴിവെട്ടിയത്. ഇന്നലെ (ഫെബ്രുവരി 7) ഉച്ചക്ക് രണ്ട് മണിയോടെയാണ് നായിഡു ഉണ്ടവള്ളിയില്‍ നിന്നും ഹെലികോപ്‌റ്ററില്‍ ഗണ്ണവാരത്തെത്തിയത്. അവിടെ നിന്നും വിമാന മാര്‍ഗം അദ്ദേഹം ഡല്‍ഹിയിലെത്തുകയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.