ചെന്നൈ: ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ അമിത്ഷാ തന്നെ ശകാരിച്ചതായി പ്രചരിക്കുന്ന വീഡിയോക്കെതിരെ പ്രതികരണവുമായി ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. അമിത് ഷാ തന്നോട് മണ്ഡലത്തിലെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് വേദിയിൽ വെച്ച് പറഞ്ഞതെന്നും ഇപ്പോൾ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ അനാവശ്യമാണെന്നുമായിരുന്നു തമിഴിസൈയുടെ പ്രതികരണം. എക്‌സിലാണ് തമിഴിസൈ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അമിത് ഷായെ ആന്ധ്രയിൽ വെച്ച് ആദ്യമായി കണ്ടുവെന്നും, തെരഞ്ഞെടുപ്പിന് ശേഷമുള്ള തുടർനടപടികളെക്കുറിച്ചും പാർട്ടി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുമാണ് വേദിയിൽ വെച്ച് സംസാരിച്ചതെന്നും തമിഴിസൈ പറഞ്ഞു. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും അനാവശ്യ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് താൻ ഇത് പറയുന്നതെന്നും തമിഴിസൈ വ്യക്തമാക്കി.
സൗത്ത് ചെന്നൈ ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാർഥിയായി തമിഴിസൈ മത്സരിച്ചിരുന്നു. ഡിഎംകെയുടെ തമിഴാച്ചി തങ്കപാണ്ഡ്യനോട് അവർ പരാജയപ്പെടുകയായിരുന്നു.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വെച്ച് അമിത് ഷാ തമിഴിസൈയോട് ദേശ്യപ്പെടുകയും വിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോ ച്രചരിച്ചിരുന്നു. ഇത് പാർട്ടിക്കകത്തും പുറത്തും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.