ചെന്നൈ: അമ്മ ചരിഞ്ഞതിനെ തുടര്‍ന്ന് അനാഥയായ കുട്ടിയാനയെ ആനക്കൂട്ടത്തിൽ ചേർക്കാനുള്ള ദൗത്യം വിജയം. തമിഴ്‌നാട്ടിലെ ഈറോഡിൽ സത്യമംഗലം കടുവ സങ്കേതത്തിലെ ബന്നാറി വനപ്രദേശത്താണ് സംഭവം. വിദഗ്‌ദ മൃഗ ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് രണ്ട് മാസം പ്രായമായ കുട്ടിയാനയെ പരിചരിച്ച് ആനക്കൂട്ടത്തിനൊപ്പം ചേർത്തത്.
അമ്മയാനയ്‌ക്ക് മൂന്ന് വർഷം പ്രായമുള്ള ആണാനയും രണ്ട് മാസം പ്രായമുള്ള പെണ്ണാനയുമാണ് ഉള്ളത്. ഡോക്‌ടർമാരായ സദാശിവം, രാജേഷ്, സുകുമാർ, വിജയരാഘവൻ, കലൈവനൻ എന്നിവരടങ്ങുന്ന സംഘമാണ് ആനയെ പരിചരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം അമ്മയാന കിടപ്പിലായിരുന്നു. ആണാന മറ്റൊരു ആനക്കൂട്ടത്തിനൊപ്പം ചേർന്നെങ്കിലും രണ്ട് മാസം മാത്രം പ്രായമുള്ള പെണ്ണാന അമ്മയെ വിട്ട് പോവാൻ തയ്യാറായിരുന്നില്ല.
തുടർന്ന് അമ്മയ്‌ക്ക് സുഖം പ്രാപിക്കുന്നതു വരെ കുട്ടിയാനയെ പരിചരിച്ചു വരികയായിരുന്നു. എന്നാൽ മാർച്ച് 5ന് അമ്മയാന ചത്തു. ഇതോടെയാണ് ഒറ്റപ്പെട്ട കുട്ടിയാനയെ മറ്റൊരു ആനക്കൂട്ടത്തിൽ ചേർക്കാനുള്ള ശ്രമം വനംവകുപ്പ് ഏറ്റെടുത്തത്.
അമ്മയാനയുടെ മരണത്തിന് ശേഷം കുട്ടിയാനയെ എങ്ങനെ പരിചരിക്കുമെന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു. കുട്ടിയാന ആനക്കൂട്ടത്തിൽ ചേരുമോ എന്നത് സംശയകരമായിരുന്നു. എന്നാൽ ആനക്കൂട്ടത്തിലെ ഒരു പെണ്ണാന കുട്ടിയാനയെ സ്വന്തം കുഞ്ഞെന്ന പോലെ ആലിംഗനം ചെയ്‌തതോടെ കുട്ടിയാന കൂട്ടത്തിൽ ചേർന്ന് നടക്കാൻ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു.
കുട്ടിയാനയെ ആനക്കൂട്ടത്തിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിജയം കണ്ടതായി സത്യമംഗലം കടുവാ സങ്കേതത്തിലെ ഫീൽഡ് ഡയറക്‌ടർ രാജ്‌കുമാർ പറഞ്ഞു. ആനക്കൂട്ടം കുട്ടിയാനയുമായി സത്യമംഗലം-മൈസൂർ ദേശീയപാത മുറിച്ചുകടക്കുന്ന വീഡിയോ ദൃശ്യങ്ങളും വനംവകുപ്പ് പുറത്തുവിട്ടു.
ചത്ത ആനയുടെ ശരീരത്തിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായും വനംവകുപ്പ് അറിയിച്ചു. അമ്മയില്ലാത്ത ആനക്കുട്ടി ആനക്കൂട്ടത്തിൽ ചേരുന്നത് അപൂർവ സംഭവമാണ്. ആനകൾക്കിടയിലെ ശക്തമായ സാമൂഹിക ബന്ധമാണ് ഇതിലൂടെ കാണാനാകുന്നതെന്ന് തമിഴ്‌നാട് വനം വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
Also read: മൂന്ന് മണിക്കൂർ, മലയാറ്റൂരിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പ്