കൊളംബോ: ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ നേവി ബോട്ടുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂഖയ്യ (54) ആണ് അപകടത്തില്‍ മരിച്ചത്. ഒരാളെ കാണാനില്ല. രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂഖയ്യയെ കൂടാതെ മുനിയാണ്ടി (57), മലൈച്ചാമി (59), രാമചന്ദ്രൻ (64) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ (ജൂലൈ 31) കടലിലേക്ക് പുറപ്പെട്ട എൻഡി-ടിഎൻ-10-എംഎം-73 എന്ന നമ്പർ ബോട്ടാണ് മറിഞ്ഞത്. അനധികൃത മൽസ്യബന്ധനത്തില്‍ ഏർപ്പെട്ടെന്ന് ആരോപിച്ച് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ശ്രീലങ്കൻ നാവികസേന പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി കൂടെയുണ്ടായിരുന്നവര്‍ കടലിൽ തെരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് സംഭവത്തില്‍ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പ് ഓഫിസിൽ പരാതി നൽകി. അപകടത്തില്‍പ്പെട്ട നാല് മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഒരാൾ ജാഫ്‌നയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടെ മരിച്ചു.
മറ്റ് രണ്ട് പേർ നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അപകടത്തില്‍ പ്രതിഷേധം അറിയിച്ച് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ രാമേശ്വരം തുറമുഖത്തെ റോഡ് ഉപരോധിച്ചിരിക്കുകയാണ്.
Also Read: ബംഗാളില്‍ വീണ്ടും ചരക്ക് ട്രെയിൻ പാളം തെറ്റി; ആശങ്ക അറിയിച്ച് മമത ബാനര്‍ജി