ചെന്നൈ : പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് എംഎൽഎ വിജയധരണി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ മുരുകന്‍റെ സാന്നിധ്യത്തിലാണ് വിജയധരണി ബിജെപിയിൽ അംഗത്വമെടുത്തത്.
കന്യാകുമാരിയില്‍ ജനിച്ചുളര്‍ന്ന വിജയധരണി പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമാണ്. വിജധരണിയുടെ കുടുംബാംഗങ്ങളില്‍ പലരും കോണ്‍ഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃ+സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അടുത്തിടെ കെ സെൽവ പെരുന്തഗൈയെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയിലേക്ക് നിയമിച്ചിരുന്നു.
ഉള്‍പാർട്ടി രാഷ്ട്രീയമാണ് കോൺഗ്രസിന്‍റെ പ്രധാന ദൗർബല്യങ്ങളിള്‍ ഒന്നെന്ന് വിജയധരണി വിമര്‍ശിച്ചു. നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കി മറ്റു ഗ്രൂപ്പുകളുമായി മത്സരിച്ച് പാർട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 28 ന് തിരുനെല്‍വേലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ വിജയധരണി പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്‌ചയാണ് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവരുടെ സാന്നിധ്യത്തിലാണ് ചവാനെ ബിജെപി നേതാക്കള്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അശോക് ചവാന്‍റെയും ചുവടു മാറ്റം.