ഉത്തർപ്രദേശ് : 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്‌ബറേലിയില്‍ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഷേവ് ചെയ്യാൻ പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യുപിയിലെ ഒരു സലൂണില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഷേവ് ചെയ്‌ത് കൊടുത്ത് രാജ്യമൊട്ടാകെ വൈറലായ ആ ബാര്‍ബറെ ഇടിവി ഭാരത് കണ്ടെത്തി. കേവലം ഒരു ഷേവിങ് മാത്രമായിരുന്നില്ല അവിടെ നടന്നത്. ബാര്‍ബര്‍ കസേരയിലിരുന്ന് രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞതത്രയും തൊഴിലാളി പ്രശ്‌നങ്ങളായിരുന്നു.
വൈറൽ ബാര്‍ബറെ ഇടിവി ഭാരത് ലേഖകൻ തെരഞ്ഞ് ചെന്നപ്പോള്‍..
28 കാരനായ മിഥുനാണ് രാഹുല്‍ ഗാന്ധിക്ക് ഷേവ് ചെയ്‌ത് കൊടുത്ത ആ ബാര്‍ബര്‍. ലാൽഗഞ്ചിലെ ന്യൂ മുംബ സലൂണിന്‍റെ നടത്തിപ്പുകാരനാണ് മിഥുന്‍. ഷേവ് ചെയ്യാന്‍ രാഹുല്‍ ഗാന്ധി സമീപിച്ചപ്പോൾ ഭയന്നുപോയെന്ന് മിഥുന്‍ പറയുന്നു.
പരിഭ്രമത്തോടെയാണ് കത്രിക കയ്യിലെടുത്തത്. രാഹുല്‍ ഗാന്ധി തന്നെ ചെറിയ ചർച്ചകൾക്ക് തുടക്കമിട്ടപ്പോൾ, അഞ്ചാം ക്ലാസ് വരെ പഠിച്ച കാര്യം മിഥുൻ രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ചു.
'ഞങ്ങൾ ഏഴ് സഹോദരന്മാരാണ്. നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരും. എന്‍റെ മൂത്ത സഹോദരൻ മുംബൈയിൽ ജോലി ചെയ്യുകയാണ്. മറ്റുള്ളവർ കൃഷിക്കാരും വിദ്യാര്‍ഥികളുമൊക്കൊയാണ്.'- മിഥുന്‍ പറഞ്ഞു.
ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ പിതാവായ മിഥുൻ തന്‍റെ ജോലിയിലെ ദുരവസ്ഥയും പങ്കുവെച്ചു. 'മുംബൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെയുള്ള കൂലി ദയനീയമാണ്. ഇത് ഇവിടുത്തെ തൊഴിലാളികൾക്ക് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.'- മിഥുൻ കൂട്ടിച്ചേർത്തു.
അഗ്നിവീർ പദ്ധതിയെ കുറിച്ചും മിഥുന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ഈ പദ്ധതി നാല് വർഷത്തേക്ക് മാത്രമേ ബാധകമാകൂ എന്നതിനാൽ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിൽ യുവാക്കളിൽ വലിയൊരു വിഭാഗവും അതൃപ്‌തരാണെന്ന് മിഥുന്‍ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പദ്ധതി നിർത്തലാക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നൽകിയതായും മിഥുന്‍ പറഞ്ഞു.
ഷേവിങ് കഴിഞ്ഞ് മടങ്ങാന്‍ നേരം മിഥുന് 50 രൂപയ്ക്ക് പകരം 500 രൂപയാണ് രാഹുല്‍ ഗാന്ധി നൽകിയത്. 'ഞാൻ പൊതുവെ മുടിവെട്ടുന്നതിന് 20 രൂപയും താടി വടിക്കുന്നതിന് 30 രൂപയുമാണ് ഈടാക്കുന്നത്. എന്നാലും രാഹുൽ ഗാന്ധി എന്‍റെ ജോലിയിൽ സന്തുഷ്‌ടനായി എനിക്ക് 500 രൂപ തന്നു'- മിഥുൻ പറഞ്ഞു.