ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാര്‍ട്ടി എംപി സ്വാതി മലിവാൾ. ഗുണ്ടകളുടെ സമ്മർദത്തിന് വഴങ്ങി, എഎപി തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണെന്ന് സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നുവെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സ്വാതി ഇതു സംബന്ധിച്ച കുറിപ്പിട്ടിരിക്കുന്നത്.
"ഇന്നലെ, പാർട്ടിയിലെ മുതിർന്ന നേതാവിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. എല്ലാവരിലും സമ്മർദ്ദം ചെലുത്തുന്നത് എങ്ങനെയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അവർക്ക് സ്വാതിക്കെതിരെ മോശമായ കാര്യങ്ങൾ സംസാരിക്കേണ്ടിവരും, സ്വകാര്യ ഫോട്ടോകൾ ചോർത്തേണ്ടിവരും. ആര് തന്നെ പിന്തുണച്ചാലും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന.
ചിലര്‍ക്ക് വാര്‍ത്ത സമ്മേളനങ്ങള്‍ നടത്താനും മറ്റൊരാൾക്ക് ട്വീറ്റ് ചെയ്യാനുള്ള ചുമതലയും നൽകിയിട്ടുണ്ട്. അമേരിക്കയിലെ സന്നദ്ധപ്രവർത്തകരെ വിളിച്ച് എനിക്കെതിരെ എന്തെങ്കിലും പറയിപ്പിക്കുക എന്നതാണ് ഒരാളുടെ ജോലി. പ്രതിയുമായി അടുപ്പമുള്ള ചില ബീറ്റ് റിപ്പോർട്ടർമാർക്ക് ചില വ്യാജ സ്റ്റിംഗ് ഓപ്പറേഷനുകൾ തയ്യാറാക്കാനുള്ള ചുമതലയുമുണ്ട്.
എനിക്കെതിരെ ആയിരക്കണക്കിന് സൈനികരെ നിരത്തിയാലും ഞാന്‍ ഒറ്റയ്‌ക്ക് നേരിടും. കാരണം സത്യം എന്നോടൊപ്പമാണ്. എനിക്ക് അവരോട് ദേഷ്യമില്ല. പ്രതി വളരെ ശക്തനായ ആളാണ്. വലിയ നേതാക്കൾ പോലും അയാളെ ഭയപ്പെടുന്നു. അയാള്‍ക്കെതിരെ നിലപാടെടുക്കാൻ ആർക്കും ധൈര്യമില്ല.
എന്‍റെ ആത്മാഭിമാനത്തിന് വേണ്ടി ഞാൻ പോരാട്ടം ആരംഭിച്ചു, എനിക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ ആ പോരാട്ടം തുടരും. ഈ പോരാട്ടത്തിൽ ഞാൻ പൂർണ്ണമായും ഒറ്റയ്ക്കാണ്. പക്ഷേ ഞാൻ തളരില്ല'- സ്വാതി മലിവാൾ പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിനെതിരായ സ്വാതി മലിവാളിന്‍റെ ആരോപണങ്ങള്‍ നേരത്തെ ആംആദ്‌മി പാര്‍ട്ടി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ സ്വാതി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് രാജ്യസഭ എംപി സ്വാതി മലിവാളിനെ അക്രമിച്ച കേസിൽ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ബിഭവ് കുമാർ. അറസ്റ്റിന് മുമ്പ് ഫോർമാറ്റ് ചെയ്‌തതായി ആരോപിക്കപ്പെടുന്ന ഫോണിൽ നിന്നുള്ള ഡാറ്റ കണ്ടെത്തുന്നതിനായി ചൊവ്വാഴ്‌ച ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു.