ന്യൂഡൽഹി : 2024 നീറ്റ്-യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് (22-07-2024) പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ബിഹാർ പൊലീസിന്‍റെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെയും റിപ്പോർട്ടിന്‍റെ പകർപ്പ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുൻ വാദത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഉദ്യോഗാർഥികളുടെ റോൾ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ മറച്ച ശേഷം കേന്ദ്രം തിരിച്ചുള്ള ഫലങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് (എൻടിഎ) സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ പൂര്‍ണമായി റദ്ദാക്കി വീണ്ടും നടത്താന്‍മാത്രം വ്യാപകമായ ക്രമക്കേട് ഉണ്ടായി എന്ന് വ്യക്തമാക്കാൻ ഹർജിക്കാരോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
നേരത്തെ, ചോർച്ച നടന്ന സ്ഥലങ്ങൾ, പരീക്ഷ നടത്തിപ്പും പേപ്പര്‍ ചോര്‍ച്ചയും തമ്മിലുള്ള സമയ വ്യത്യാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പൂർണ വെളിപ്പെടുത്തൽ നടത്താൻ സുപ്രീം കോടതി എൻടിഎയോട് നിർദേശിച്ചിരുന്നു. അന്വേഷണത്തിന്‍റെ നിജസ്ഥിതിയും അന്വേഷണത്തിൽ ഇതുവരെ ശേഖരിച്ച വസ്‌തുക്കളും അടങ്ങിയ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോടും കേടതി ആവശ്യപ്പെട്ടിരുന്നു.