ന്യൂഡല്‍ഹി: ജാമ്യം ആവശ്യപ്പെട്ടും സിബിഐ അറസ്‌റ്റ് ശരി വച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ (സെപ്റ്റംബർ 13) വിധി പറയും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക.
ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഈ മാസം അഞ്ചിന് കോടതി കെജ്‌രിവാളിന്‍റെയും സിബിഐയുടെയും വാദം കേട്ടിരുന്നു. ശേഷം വിധി പറയാന്‍ കേസ് സെപ്റ്റംബര്‍ പതിമൂന്നിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കേസിന്‍റെ വിചാരണ വേളയില്‍ സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഹാജരായിരുന്നത്. കെജ്‌രിവാള്‍ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാതിരുന്നത് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹര്‍ജി എതിര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രത്യേക സാഹചര്യങ്ങളില്‍ ജാമ്യത്തിന് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാം. എന്നാൽ താന്‍ ഒരു അസാധാരണ വ്യക്തിയാണെന്ന് കെജ്‌രിവാള്‍ സ്വയം കരുതുന്നുവെന്നും രാജു ചൂണ്ടിക്കാട്ടി. കെജ്‌രിവാള്‍ സ്വാധീനമുള്ള കരുത്തനായ ഒരു രാഷ്‌ട്രീയക്കാരനാണ്. മറ്റ് ആം ആദ്‌മി നേതാക്കളെല്ലാം സെഷന്‍സ് കോടതിയെ ആണ് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ ജാമ്യം നേടി പുറത്ത് വന്നാല്‍ സാക്ഷികളോട് ശത്രുതാപരമായി പെരുമാറിയേക്കുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മെയില്‍ രണ്ട് തവണ പുറത്ത് വന്നിരുന്നത് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. കെജ്‌രിവാള്‍ സമൂഹത്തിന് ഭീഷണിയായ ഒരു വ്യക്തിയല്ലെന്നും സിംഗ്‌വി പറഞ്ഞു.
ജൂണ്‍ 26 നാണ് സിബിഐ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. 2024 മാര്‍ച്ച് 21 ന് ഇഡി കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.