ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്‌ത പൊതുതാത്പര്യ ഹര്‍ജി സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഹര്‍ജി സമര്‍പ്പിച്ചത് പരീക്ഷ റദ്ദാക്കിയത് വ്യക്തിപരമായി ബാധിച്ച ഒരു ഉദ്യോഗാർത്ഥിയല്ല, മറിച്ച് ഒരു അഭിഭാഷകനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
ഹര്‍ജി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ നേരിട്ട് വരട്ടെ എന്ന് ഹർജി സമർപ്പിച്ച അഭിഭാഷകൻ ഉജ്ജവൽ ഗൗറിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജി റദ്ദാക്കിയെങ്കിലും ബാധിക്കപ്പെട്ട ഒരു വിദ്യാര്‍ഥിയുടെയും അവകാശം തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജൂണിൽ നടത്തിയ യുജിസി-നെറ്റ് പരീക്ഷയാണ് ചോദ്യ പേപ്പർ ചോർന്നു എന്നാരോപിച്ച് റദ്ദാക്കിയത്. ജൂൺ 19-ന് ആണ് പരീക്ഷ റദ്ദാക്കാൻ കേന്ദ്രം ഉത്തരവിട്ടത്. കേസന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. പേപ്പർ ചോർച്ച ആരോപണത്തിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ യുജിസി-നെറ്റ് പുനപരീക്ഷ സ്റ്റേ ചെയ്യണമെന്നും ഗൗർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.