ന്യൂഡൽഹി: പതിനാലുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. അപകീര്‍ത്തികരമായ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍ മനം നൊന്ത് കഴിഞ്ഞ വര്‍ഷമാണ് പതിനാലുകാരി ആത്‌മഹത്യ ചെയ്യുന്നത്.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് പ്രതിയുടെ അമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്‌റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച കുറ്റമറ്റ ഉത്തരവിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഹരിദ്വാർ ജില്ലയിൽ രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ പ്രതിയാണ് ഹര്‍ജിക്കാരിയുടെ മകന്‍. ജുവനൈൽ ജസ്‌റ്റിസ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയുള്ള ഉത്തരവുകൾക്കെതിരെ പ്രതിയുടെ അമ്മ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യത്തിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ 22 മുതലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് മൃതദേഹം കണ്ടെടുത്തെന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടി സഹപാഠിയായ പെൺകുട്ടിയുടെ വീഡിയോ പകർത്തിയെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വീഡിയോ വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിച്ചതായും കോടതി കണ്ടെത്തി.
സാമൂഹിക അന്വേഷണ റിപ്പോർട്ട്, മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, സ്‌കൂളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്നിവ പരിഗണിക്കുമ്പോള്‍ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അത് തീർച്ചയായും നീതിക്ക് നിരക്കാത്തതാകുമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.