ന്യൂഡൽഹി: ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേസെടുക്കാന്‍ കാലതാമസമുണ്ടായത് അങ്ങേയറ്റം അസ്വസ്ഥമാക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമരം ചെയ്യുന്ന ഡോക്‌ടര്‍മാരോട് ജോലിക്ക് തിരിച്ച് കയറാനും കോടതി ആവശ്യപ്പെട്ടു.
ഡോക്‌ടർമാർ പ്രവർത്തിക്കുന്നില്ലെങ്കിൽ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ എങ്ങനെ പ്രവർത്തിക്കുമെന്ന് ബഞ്ച് ചോദിച്ചു. തിരികെ ജോലിയില്‍ കയറിയാല്‍ പ്രതികൂല നടപടികളൊന്നും സ്വീകരിക്കില്ലെന്ന ഉറപ്പും കോടതി ഡോക്‌ടര്‍മാര്‍ക്ക് നൽകി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഓഗസ്റ്റ് ഒമ്പതിന് വൈകുന്നേരം മരണപ്പെട്ടയാളുടെ പോസ്റ്റുമോർട്ടം നടത്തിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്‌തമാക്കി.
കേസ് രജിസ്റ്റർ ചെയ്‌ത കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥനോട് അടുത്ത ഹിയറിങിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഡോക്‌ടറുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത് എന്ന വസ്‌തുത ഞെട്ടിപ്പിക്കുന്നതാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു. ഓഗസ്റ്റ് 13ന് കൊൽക്കത്ത ഹൈക്കോടതി പൊലീസിൽ നിന്ന് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. ഓഗസ്റ്റ് 14നാണ് അന്വേഷണം സിബിഐ0 ആരംഭിച്ചത്.
ഓഗസ്റ്റ് 9നാണ് പ്രതിഷേധത്തിനിടയാക്കിയ ഡോക്‌ടറുടെ കൊലപാതകം. പിജി ട്രെയിനി ഡോക്‌ടര്‍ ആശുപത്രിക്കുള്ളില്‍ ക്രൂരമായി ബലാംത്സത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്.