നീറ്റ് പരീക്ഷ വിവാദം: ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രീം കോടതി നോട്ടിസ് - SC On Neet UG 2024 Exam Paper Leak - SC ON NEET UG 2024 EXAM PAPER LEAK
നീറ്റ് പരീക്ഷ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ റദ്ധാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കും നോട്ടിസ്.
Published : Jun 11, 2024, 12:07 PM IST
|Updated : Jun 11, 2024, 1:38 PM IST
ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷ റദ്ധാക്കണമെന്ന ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി. ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്‍റെ പവിത്രതയെ ബാധിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തരങ്ങള്‍ ആവശ്യമാണെന്ന് ഹര്‍ജി പരിഗണിച്ച വിക്രംനാഥ്, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
എംബിബിഎസ് ഉള്‍പ്പടെയുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂലൈ എട്ടിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
ഫലം പുറത്തുവന്നതിന് പിന്നാലെ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. ചരിത്രത്തില്‍ ആദ്യമായി 67 പേര്‍ക്ക് ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഹരിയാനയില്‍ ഒരു സെന്‍ററില്‍ നിന്നും ആറ് പേര്‍ക്ക് മുഴുവൻ മാര്‍ക്കും ലഭിച്ചു. ഇതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.
ഒന്നാം റാങ്ക് ലഭിച്ചവരില്‍ ഭൂരിഭാഗം പേരും ഫുള്‍ മാര്‍ക്കിന് അര്‍ഹത നേടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നായിരുന്നു എൻഎടിയുടെ വിശദീകരണം. പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സമയം പോരാതെ വന്നവര്‍ക്കും ഗ്രേസ് മാര്‍ക്ക് വിതരണം ചെയ്യാൻ നേരത്തെ സുപ്രീം കോടതി നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിങ് പറഞ്ഞിരുന്നു.