ലണ്ടന്‍: യുകെ, ഇന്ത്യ ബിസിനസ് സേവനങ്ങൾക്ക് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് നല്‍കുന്ന ഓണററി നൈറ്റ്ഹുഡ് അവാര്‍ഡിന് ഭാരതി എന്‍റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ അര്‍ഹനായി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്. ഉപഗ്രഹ മേഖലയിൽ യുകെ സർക്കാരിനൊപ്പം ഭാരതി എന്‍റര്‍പ്രൈസസ് നല്‍കിയ സംഭാവനകള്‍ക്കാണ് ആദരം.
യുകെ കാബിനറ്റ് ഓഫീസ് നല്‍കുന്ന ഓണററി ബ്രിട്ടീഷ് അവാർഡുകളില്‍ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ് മിത്തലിന് ലഭിച്ചത്. ചാൾസ് രാജാവിൽ നിന്നുള്ള അംഗീകാരത്തിൽ താൻ അനുഗ്രഹീതനായെന്ന് മിത്തല്‍ പറഞ്ഞു. യുകെയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധമിപ്പോൾ സഹകരണത്തിന്‍റെയും കൂട്ടായ്‌മയുടെയും ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്താനായി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്-മിത്തൽ പറഞ്ഞു.ട
ഏതെങ്കിലും മേഖലയില്‍ സുപ്രധാന സംഭാവനകൾ നൽകുന്ന വിദേശ പൗരന്മാർക്ക് ബ്രീട്ടീഷ് സര്‍ക്കാര്‍ നല്‍കുന്നതാണ് കെബിഇ അവാര്‍ഡ്. നൈറ്റ്ഹുഡ് അവാര്‍ഡ് ലഭിക്കുന്ന യുകെ പൗരന്മാർക്ക് 'സർ' അല്ലെങ്കിൽ 'ഡാം' പദവി നൽകും. യുകെ പൗരന്മാരല്ലാത്തവര്‍ക്ക് അവരുടെ പേരിന് ശേഷം കെബിഇ എന്നും സ്‌ത്രീകൾക്ക് ഡിബിഇ എന്നും ബഹുമതി ലഭിക്കും. രത്തൻ ടാറ്റ (2009), രവിശങ്കർ (2001), ജംഷദ് ഇറാനി (1997) എന്നീ ഇന്ത്യക്കാര്‍ക്ക് എലിസബത്ത് രാജ്ഞി II കെബിഇ ബഹുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ രാജകീയ ചിഹ്നം ഔദ്യോഗികമായി മിത്തലിന് കൈമാറുന്ന ചടങ്ങ് പിന്നീട് നടത്തും. ആഗോള തലത്തിൽ സാറ്റലൈറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങൾ നല്‍കുന്നതിനായി യുകെ സർക്കാരുമായും മറ്റ് നിക്ഷേപകരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വൺവെബ് (ഇപ്പോൾ യൂട്ടെൽസാറ്റ്)എന്ന കമ്പനിയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയത് സുനിൽ ഭാരതി മിത്തലാണെന്ന് കമ്പനി പ്രസ്‌താവനയിൽ പറയുന്നു. ഇന്ത്യ-യുകെ സിഇഒ ഫോറം അംഗമായ മിത്തലിന് ന്യൂകാസിൽ സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്‌ടർ ഓഫ് സിവിൽ ലോയും ലീഡ്‌സ് സർവകലാശാലയിൽ നിന്ന് ഓണററി ഡോക്‌ടർ ഓഫ് ലോയും ലഭിച്ചിട്ടുണ്ട്.
കേംബ്രിഡ്‌ജ് സർവകലാശാല വൈസ് ചാൻസലറുടെ സർക്കിൾ ഓഫ് അഡ്‌വൈസേഴ്‌സ് അംഗമാണ് സുനിൽ ഭാരതി മിത്തല്‍. ലണ്ടൻ ബിസിനസ് സ്‌കൂളിന്‍റെ (എൽബിഎസ്) ഗവേണിംഗ് ബോഡി അംഗമായും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽഎസ്ഇ) ഇന്ത്യ അഡ്‌വൈസറി ഗ്രൂപ്പ് അംഗമായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Also Read: കൊൽക്കത്ത അണ്ടർവാട്ടർ മെട്രോയ്ക്ക് 5G കണക്റ്റിവിറ്റി നൽകാനൊരുങ്ങി എയർടെൽ