ധെങ്കനാൽ (ഒഡിഷ) : ഒരു കുടുംബത്തിലെ നാല് പേർ ഇഷ്‌ടിക ചൂളയിൽ ശ്വാസം മുട്ടി മരിച്ചു. കാന്തബാനിയ പൊലീസ് പരിധിക്ക് കീഴിലുള്ള കമലംഗയിലാണ് സംഭവം. അപകടത്തില്‍ ഏഴ് വയസുള്ള ആണ്‍കുട്ടിയുള്‍പ്പടെ നാല് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഛത്തീസ്‌ഗഡ് സ്വദേശികളാണ്. കാന്തബാനിയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൊഴിലാളികൾ ഇഷ്‌ടിക ചൂളയ്ക്ക് തീകൊളുത്തി അതിനടുത്ത് ഉറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അതില്‍ നിന്നുയര്‍ന്ന വിഷവാതകം ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. എല്ലാവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാന്തബാനിയ സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.