ശ്രീനഗര്‍ : കശ്‌മീര്‍ താഴ്‌വരയില്‍ കനത്ത മഞ്ഞുവീഴ്ച. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഡയറക്‌ടര്‍ ജാവേദ് അന്‍ജും അറിയിച്ചു(Snowfall In Kashmir). ശനിയാഴ്ച രാത്രി മുതലാണ് താഴ്‌വരയില്‍ മഞ്ഞുവീഴ്ച ആരംഭിച്ചത്. ഇതോടെ ശ്രീനഗറിലെ റോഡ്-വ്യോമഗതാഗതം താറുമാറായി. ഞായറാഴ്ച രാവിലെ വരെയുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മഞ്ഞുവീഴ്ചയും മഴയും മൂലം ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്(Flight Service).
ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഒരു വശത്ത് കൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. നിരതെറ്റാതെ എല്ലാവരും വാഹനങ്ങള്‍ ഓടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നഷ്രീ നവയുഗ് തുരങ്കത്തില്‍ ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. രണ്ടാഴ്‌ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. ചിലയിടങ്ങളില്‍ റോഡില്‍ നല്ല തോതില്‍ തെന്നല്‍ അനുഭവപ്പെടുന്നുണ്ട്. രാംസൂവിനും ബനിഹളിനുമിടയില്‍ മഞ്ഞുവീഴ്‌ച ഉണ്ടെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സമതലങ്ങളില്‍ മിതമായ തോതിലുള്ള മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെടുന്നത്. രണ്ട് മാസം നീണ്ട വരള്‍ച്ചയ്ക്ക് ശേഷമാണ് മഞ്ഞുവീഴ്‌ച. ഇത് ജനങ്ങളെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്. വരണ്ട ശൈത്യം അവസാനിക്കാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. തിങ്കളാഴ്‌ച വരെ കശ്മീരില്‍ ഇടവിട്ടുള്ള മഞ്ഞുപാതമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇരുപത്തിനാലുമണിക്കൂറിനിടെ സമതലങ്ങളില്‍ മൂന്ന് മുതല്‍ ആറിഞ്ച് കനത്തില്‍ മഞ്ഞുപാതം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
Also Read: VIDEO | മനം കുളിര്‍പ്പിക്കുന്ന മഞ്ഞുപെയ്‌ത്ത് ; നയനമനോഹര കാഴ്‌ചകളൊരുക്കി കശ്‌മീര്‍
അതേസമയം മലനിരകളിലും കുന്നുകളിലുമിത് എട്ട് മുതല്‍ പന്ത്രണ്ട് ഇഞ്ചുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സമതലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായതും മിതമായതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലും കുന്നിന്‍ പുറങ്ങളിലും മിതവും ദുര്‍ബലവുമായ മഞ്ഞുവീഴ്ചയുമുണ്ടാകാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവെ മേഘാവൃതമായിരിക്കും.