ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലം ഇന്നലെ (ജൂലൈ 17) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. റാഗിഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നിർമിച്ച 3.36 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡക്കർ ഫ്ലൈ ഓവറാണ് നിലവില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഫ്ലൈ ഓവറിലൂടെ നടന്നാണ് മേല്‍പാലം ഉദ്ഘാടനം ചെയ്‌തത്.
'ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്‌തത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഡബിൾ ഡക്കർ മേൽപാലം ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കുകയും ചെയ്യും' എന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 449 കോടി രൂപ മുതല്‍ മുടക്കിയാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്.
റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഡബിൾ ഡക്കറിൻ്റെ ആദ്യ മേൽപാലം നിര്‍മിച്ചിരിക്കുന്നത്. എച്ച്എസ്ആർ ലേഔട്ടിലേക്കും ഹൊസൂർ ലേഔട്ടിലേക്കും ഈ മേൽപ്പാലം വഴി ഗതാഗത പ്രശ്‌നമില്ലാതെ വേഗത്തിൽ എത്തിച്ചേരാനാകും. 16 മീറ്ററാണ് മെട്രോയുടെ ഉയരം. മെട്രോ ട്രെയിനുകൾ ഓടുന്ന ആദ്യ റെയിൽ കം റോഡാണിത്. ഈ മേൽപ്പാലത്തിൻ്റെ മുകളിലെ ഡെക്കിലൂടെ മെട്രോയും താഴത്തെ ഡെക്കിലൂടെ വാഹനങ്ങളുമാണ് ഓടുക.
എന്തൊക്കെയാണ് നേട്ടങ്ങൾ?
ഡബിൾ ഡക്കർ മേൽപാലം പ്രവര്‍ത്തനക്ഷമമാകുന്നതോടെ അഞ്ച് മുതൽ ആറ് മിനിറ്റിനുള്ളിൽ സിൽക്ക് ബോർഡിൽ എത്താൻ സാധിക്കും. നിലവില്‍ സിൽക്ക് ബോർഡിൽ എത്താൻ 30 മുതൽ 40 മിനിറ്റ് വരെ സമയമെടുക്കും. ഇതോടെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുന്നവര്‍ക്കായിരിക്കും ഡബിൾ ഡക്കര്‍ പ്രയോജനം കൂടുതലുണ്ടാവുക. കൂടാതെ, എച്ച്എസ്ആറിലേക്കും ബിടിഎമ്മിലേക്കും യാത്ര ചെയ്യുന്ന ആളുകള്‍ക്കും പെട്ടെന്ന് എത്തിച്ചേരാനാകും.
റാഗിഗുഡ്ഡ മുതൽ സിഎസ്ബി ജങ്ഷൻ വരെയുള്ള മഞ്ഞ ലൈനിനായുള്ള റോഡ് മേൽപാലത്തിൻ്റെ ആദ്യഘട്ടം ഇതിനകം നിർമാണം പുര്‍ത്തിയാക്കി. എന്നാല്‍ ഈ മേൽപാലത്തിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ മെട്രോ നിലവിൽ പ്രവർത്തനക്ഷമമല്ല. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പറയുന്നതനുസരിച്ച് ഈ വർഷം ഡിസംബറോടെ ഇത് പ്രവര്‍ത്തനക്ഷമമാകും.
Also Read: എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ ഗാറ്റ്‌വിക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉടന്‍