ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. 2021ല്‍ നടക്കേണ്ടിയിരുന്ന ജനസംഖ്യ കണക്കെടുപ്പ് ഇനിയും നടത്തിയിട്ടില്ല. ഇത് നടത്തണമെന്ന് സര്‍ക്കാരിന് യാതൊരു ആഗ്രഹവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയയുടെ വാക്കുകള്‍.
രാജ്യത്തെ ജനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുക എന്നത് മാത്രമല്ല ഇതിലൂടെ തടയപ്പെട്ടിരിക്കുന്നത്. മറിച്ച് ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം പട്ടിക ജാതി , വര്‍ഗ വിഭാഗങ്ങളിലേത് അടക്കം പന്ത്രണ്ട് കോടി പൗരരുടെ ആനുകൂല്യങ്ങള്‍ കൂടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം ഇപ്പോള്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണെന്നും അവര്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോണിയ വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ സഹായവും എത്തിക്കുമെന്നും സോണിയ അറിയിച്ചു. രാജ്യത്തെ മറ്റിടങ്ങളിലും വലിയ തോതില്‍ വെള്ളപ്പൊക്കമുണ്ട്. അവിടെയും ദുരിത ബാധിതരുട ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രകൃതി ദുരന്തങ്ങള്‍ക്ക് പുറമെ ട്രെയിന്‍ അപകടങ്ങളിലൂടെയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്നുണ്ട്. അവരുടെ കുടുബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരം അപകടങ്ങള്‍ കെടുകാര്യസ്ഥത കൊണ്ട് സംഭവിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്‍റെയും സാമ്പത്തിക-സാമൂഹ്യ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ബജറ്റിനെ അവര്‍ വിമര്‍ശിച്ചു. കര്‍ഷകരെയും യുവാക്കളെയും ചൂണ്ടിക്കാട്ടി ആയിരുന്നു അവരുടെ വിമര്‍ശനങ്ങള്‍. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങള്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവും മൂലം പൊറുതി മുട്ടിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആകെ തകര്‍ന്നു. മത്സരപരീക്ഷകള്‍ നടത്തുന്നതേയില്ല. ഇതെല്ലാം മിക്ക യുവാക്കളുടെയും ആശയകറ്റിയിരിക്കുന്നു. എന്‍സിഇആര്‍ടി, യുജിസി, യുപിഎസ്‌സി എന്നിവയുടെ വിശ്വാസ്യതയും മോദി ഭരണത്തില്‍ നഷ്‌ടമായിരിക്കുന്നു.
ദേശ സുരക്ഷയെയും ഭീകരതയെയും കൈകാര്യം ചെയ്യുന്ന രീതിയും അവര്‍ വിമര്‍ശിച്ചു. കഴിഞ്ഞ കുറേ ആഴ്‌ചകളായി പതിനൊന്ന് ഭീകര ആക്രമണങ്ങള്‍ ജമ്മുവില്‍ മാത്രം ഉണ്ടായിട്ടുണ്ട്. താഴ്‌വരയിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നിരവധി നാട്ടുകാര്‍ക്കും ജീവന്‍ നഷ്‌ടമായി. ജമ്മുകശ്‌മീരില്‍ എല്ലാം നന്നായി പോകുന്നുവെന്ന മോദി സര്‍ക്കാരിന്‍റെ വാദത്തിന്‍റെ മുനയൊടിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികളും മെച്ചപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മണിപ്പൂരിലേക്ക് എത്തി നോക്കിയിട്ടില്ല.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടങ്ങള്‍ തുടരാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അമിത ആത്മവിശ്വാസം പാടില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. 'കാറ്റ് നമുക്ക് അനുകൂലമല്ല. പക്ഷേ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമുക്ക് ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായാല്‍ ദേശീയ രാഷ്‌ട്രീയവും മാറി മറിയും' സോണിയ കൂട്ടിച്ചേര്‍ത്തു.
Also Read: ലോക്‌സഭയിലെ താമര പരാമര്‍ശം; രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സി ആര്‍ കേശവന്‍ - CR Kesavan slams LoP Rahul Gandhi