ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വാര്‍ റൂമുകളുമായി രാഷ്‌ട്രീയ കക്ഷികള്‍. സ്വന്തം സ്ഥാനാര്‍ത്ഥികളുടെ പ്രതിച്‌ഛായ സൃഷ്‌ടിക്കലും എതിരാളികളെ നേരിടലുമാണ് ഇവരുടെ ലക്ഷ്യം.
തങ്ങള്‍ വളരെ മുമ്പേ തന്നെ സോഷ്യല്‍ മീഡിയ വാര്‍ റൂമുകള്‍ സജ്ജമാക്കിയതായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സാമൂഹ്യമാധ്യമ വിഭാഗം ചെയര്‍മാന്‍ രാജേഷ് ഗാര്‍ഗ് വ്യക്തമാക്കി. പ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിദഗ്‌ധരടക്കം അടങ്ങുന്ന മുപ്പത്തഞ്ചോളം പേര്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച് ഉറപ്പിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഓരോ സന്ദേശങ്ങളും പോസ്‌റ്റ് ചെയ്യുന്നത്. സന്ദേശമിടും മുമ്പ് തന്നെ നിയമവിദഗ്‌ധരുടെ അഭിപ്രായം തേടുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ സന്ദേശങ്ങള്‍ പോസ്‌റ്റ് ചെയ്യാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാളുടെ പ്രതിച്‌ഛായ നന്നാക്കാനും മോശമാക്കാനും ഒറ്റ ക്ലിക്കിലൂടെ സാധിക്കും വിധം സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായ ഒരിടമായി മാറിയിരിക്കുന്നു. രാഷ്‌ട്രീയ കക്ഷികളും അനുയായികളും വരെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ പ്രാദേശിക കക്ഷി ഭേദമില്ലാതെ എല്ലാവരും വോട്ടര്‍മാരിലേക്കെത്താനും അവരെ തങ്ങള്‍ക്ക് അനുകൂലമാക്കാനും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. തങ്ങളുടെ സാമൂഹ്യ മാധ്യമ സംഘങ്ങള്‍ ജില്ലാ ബ്ലോക്ക് തലം മുതല്‍ ഏറ്റവും താഴെത്തട്ടില്‍ വരെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി ഡല്‍ഹി ഘടകം സോഷ്യല്‍ മീഡിയ ചുമതലയുള്ള രോഹിത് ഉപാധ്യയ വ്യക്തമാക്കി. അവര്‍ നേരിട്ട് അതാതിടങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കുകയും ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രതികരണങ്ങളും ശേഖരിക്കുന്നു. ഇവയെല്ലാം വിവിധ സാമൂഹ്യമാധ്യമ ഇടങ്ങളില്‍ പങ്കുവയ്ക്കുന്നുവെന്നും ഉപാധ്യായ വ്യക്തമാക്കി.
രണ്ട് തരം പ്രചാരണങ്ങളാണ് തങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിക്ക് ഗുണകരമായതും പ്രതിപക്ഷത്തെ തുറന്ന് കാട്ടുന്നതും. സാമൂഹ്യമാധ്യമ പ്രചാരണ സംഘത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും വോളന്‍റിയര്‍മാരും ഇന്‍ഫ്ളുവന്‍സേഴ്‌സും ഉണ്ട്. തങ്ങളുടെ നേട്ടങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വ്യാജ വാര്‍ത്തകളെ ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഉപാധ്യായ പറഞ്ഞു. അതേസമയം പ്രതിപക്ഷ കക്ഷികള്‍ ഭരണകൂടത്തെ താറടിച്ച് കാണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് : വ്യാജ വാര്‍ത്തകളെ നേരിടാന്‍ പ്രത്യേക ഓപ്പറേഷന്‍ സെന്‍ററുമായി മെറ്റ
അടുത്തിടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനെതിരെയുള്ള ഒരു പോസ്‌റ്റ് വന്നത്. പശ്ചിമബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി രേഖ പത്രയ്ക്കെതിരെയുമുണ്ടായി ഒരു വിവാദ പോസ്‌റ്റ്. തെരഞ്ഞെടുപ്പ് വിജ്ഞാപന വേളയില്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും വ്യാജവാര്‍ത്തകളെ നേരിടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ എല്ലാ രാഷ്‌ട്രീയ കക്ഷികളോടും നിര്‍ദ്ദേശിച്ചതാണ്.