ചെന്നൈ : ജനാധിപത്യം സംരക്ഷിക്കാനാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന കോൺഗ്രസിന്‍റെ വാദത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാഷ്‌ട്രീയ ഘടകമായ എസ്‌ഡിപിഐയുമായും ഭരണഘടന കത്തിച്ചതിന് പേരുകേട്ട ഡിഎംകെയുമായും സഖ്യം ചേരുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കുക എന്ന് സ്‌മൃതി ഇറാനി ചോദിച്ചു.
ബിജെപിയുടെ നോർത്ത് ചെന്നൈ മണ്ഡലത്തിലെ സ്ഥാനാർത്ഥി ആർസി പോൾ കനകരാജിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു സ്‌മൃതി ഇറാനി. സനാതന ധർമ്മ വിരുദ്ധ പരാമർശങ്ങള്‍ നടത്തിയ ഡിഎംകെയെയും സ്‌മൃതി ഇറാനി വിമര്‍ശിച്ചു.
'ഇന്ന് ഞാൻ നിൽക്കുന്നത് ആത്മീയ ശക്തിക്ക് പേരുകേട്ട ഒരു സംസ്ഥാനത്താണ്. അതുകൊണ്ടാണ് ഡിഎംകെ നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുമ്പോള്‍ രാഷ്ട്രം പ്രകോപിതരാകുന്നത്. ഇന്ന് അവർ ഇന്ത്യയെക്കുറിച്ചും ഭാരതീയതയെ കുറിച്ചും സംസാരിക്കുമ്പോൾ രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്'- സ്‌മൃതി ഇറാനി പറഞ്ഞു.
'കോൺഗ്രസ് പാർട്ടി പറയുന്നത് അവർക്ക് ജനാധിപത്യം സംരക്ഷിക്കണമെന്നാണ്. കോൺഗ്രസ് പാർട്ടിയോടുള്ള എന്‍റെ ചോദ്യം ഇതാണ്- ബാബാസാഹെബ് അംബേദ്‌കറുടെ ഭരണഘടന കത്തിച്ചതിന് പേരുകേട്ട ഡിഎംകെയ്‌ക്കൊപ്പം നിന്ന് നിങ്ങൾ എങ്ങനെ ജനാധിപത്യം സംരക്ഷിക്കും? 1980 കളുടെ അവസാനത്തിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനിടെ ദ്രാവിഡ പാർട്ടി ഭരണഘടനയുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.'- സ്‌മൃതി ഇറാനി പറഞ്ഞു.
നിരോധിത തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ ഘടകത്തെ (എസ്‌ഡിപിഐ) പിന്തുണച്ച് കേരളം പോലൊരു സംസ്ഥാനത്ത് പോലും തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഇന്ന് ആലോചിക്കുകയാണ്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുമോയെന്നും അവർ ചോദിച്ചു.
"നമ്മുടെ അജണ്ട വികസിത ഇന്ത്യ ആണെന്ന് ബിജെപിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഇന്ത്യക്ക് വേണ്ടിയുള്ള പ്രതിപക്ഷ സഖ്യത്തിന്‍റെ അജണ്ട എന്താണെന്ന് ഇന്ത്യാ സഖ്യത്തിന് പറയാമോ. ഇന്ത്യൻ സഖ്യത്തിന് നേതാവും നയവുമില്ല. അവർക്ക് രാജ്യം കൊള്ളയടിക്കാനുള്ള പ്രേരണ ഉണ്ടെന്ന് ഞങ്ങൾക്കറിയാം എന്നും സ്‌മൃതി ഇറാനി പറഞ്ഞു.