ഡൽഹി: രാജ്യത്ത് പുതിയ ആറ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 290 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2,059 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു(Six Fresh Covid Deaths Reported In Country).
കേരളത്തിൽ നാല്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോന്ന് വീതം മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. 2023 ഡിസംബർ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം രണ്ടക്കാമായി കുറഞ്ഞിരുന്നു. എന്നാൽ പുതിയ വേരിയന്‍റും തണുത്ത കാലാവസ്ഥയും കാരണം പ്രതിദിന കേസുകളുടെ എണ്ണം വർധിക്കുകയായിരുന്നു. 841 പുതിയ കേസുകളാണ് 2023 ഡിസംബർ 31 ന് റിപ്പോർട്ട് ചെയ്‌തത്. ഇത് 2021 മെയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ഉയർന്ന കേസുകളുടെ 0.2 ശതമാനമാണെന്ന് ഇതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ആക്റ്റീവ് കേസുകളിൽ ഭൂരിഭാഗവും ഹോം ഐസൊലേഷനിൽ തന്നെ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജെ എൻ.1 വേരിയന്‍റ് പുതിയ കേസുകളുടെ എണ്ണം അമിതമായി വർധിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാക്കുന്നില്ലെന്നും മരണനിരക്ക് വർധിക്കുന്നില്ലെന്നുമാണ് ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നത്.
രാജ്യത്തുടനീളം 5.3 ലക്ഷത്തിലധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 4.4 കോടിയിലധികവുമാണ്. ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്.