പൂനെ : 500 രൂപയുടെ വ്യാജ കറൻസികൾ അച്ചടിച്ച് പ്രചരിപ്പിച്ച ആറ് പേർ അറസ്‌റ്റിൽ. പൂനെ ജില്ലയിൽ 2 ലക്ഷം രൂപ വിലമതിക്കുന്ന 440 നോട്ടുകളാണ് പൊലീസ് പിടികൂടിയത്. റിതിക് ഖഡ്‌സെ, സൂരജ് യാദവ്, ആകാശ് ധങ്കേക്കർ, സുയോഗ് സലുങ്കെ, തേജസ് ബല്ലാൽ, പ്രവൻ ഗഹ്‌വനെ എന്നിവരെ അറസ്‌റ്റ് ചെയ്‌തു. പിംപ്രി-ചിഞ്ച്‌വാഡ് പൊലീസിന്‍റെ ദെഹു റോഡ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തിങ്കളാഴ്‌ച കള്ളനോട്ടുകൾ അച്ചടിച്ച് പ്രചരിപ്പിച്ച പ്രതികളെ അറസ്‌റ്റ് ചെയ്‌തത് (Printing And Circulating Fake Currency Notes Of RS 500 Six Arrested).
പൊലീസ് പറയുന്നതിങ്ങനെ: ദെഹു റോഡ് ഏരിയയിൽ കള്ളനോട്ടുമായി പ്രതി എത്തുമെന്ന് ദെഹു റോഡ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും വിവരം ലഭിക്കുകയും പ്രതിയെ പിടികൂടാനുളള കെണിയൊരുക്കുകയും ചെയ്‌തെന്ന് അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണർ ദേവിദാസ് കാശിനാഥ് ഗെവ്രെ പറഞ്ഞു. നേരത്തെ തീരുമാനിച്ച സ്ഥലത്ത് മോട്ടോർ സൈക്കിളിൽ എത്തിയ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും കസ്‌റ്റഡിയിലെടുക്കുകയും ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും വ്യാജ നോട്ടുകൾ പൊലീസ് കണ്ടെടുത്തു.
പ്രതിയായ റിതിക് ഖഡ്‌സെയെ ചോദ്യം ചെയ്‌തപ്പോൾ ഈ നോട്ടുകൾ ഭോസാരി പ്രദേശത്തെ ഒരു വാണിജ്യ കടയിൽ ഓഫ്‌സെറ്റ് പ്രിന്‍റിങ് മെഷീൻ ഉപയോഗിച്ച് അച്ചടിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി. ശേഷം വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഘം നോട്ടുകൾ അച്ചടിച്ച കടയിലേക്ക് പോവുകയും ഒരു ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീനും പ്രിന്‍റിങ് മഷിയും മറ്റ് പ്രിന്‍റിങ് സാമഗ്രികളും കള്ളനോട്ടുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പേപ്പറുകളും പകുതിയും മുഴുവനായും അച്ചടിച്ച ചില നോട്ടുകളും കണ്ടെടുത്തു.
കേസിൽ ഇതുവരെ അറസ്‌റ്റ് ചെയ്‌ത ആറ് പേരും പൊലീസ് കസ്‌റ്റഡിയിലാണ്. കളളനോട്ടുകൾ അച്ചടിക്കുന്നതിനായി പൂനെയിൽ നിന്ന് ഓഫ്‌സെറ്റ് പ്രിന്‍റിങ് മെഷീൻ തങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും വ്യാജ നോട്ടുകൾ അച്ചടിക്കാൻ വിവിധ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (IPC) 489 (c) (വ്യാജമോ കള്ളനോട്ടുകളോ ബാങ്ക് നോട്ടുകളോ കൈവശം വയ്ക്കൽ), ഐപിസി 34 എന്നിവ പ്രകാരം പ്രതിക്കെതിരെ ദെഹു റോഡ് പൊലീസ് സ്‌റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.