കാൺപൂർ : പണമിടപാട് സംബന്ധിച്ച തർക്കത്തിൻ്റെ പേരിൽ സഹോദരിയെ വെടിവെച്ച് കൊന്ന് സഹോദരൻ. ചോദിക്കാനെത്തിയ ഇളയ സഹോദരനെ പ്രതിയുടെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കാണ്‍പൂരിലെ സാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സഹോദരി ശാലിനിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനായ ബ്രിജേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സംഭവമിങ്ങനെ :
സാധ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിർസിംഗ്‌പൂർ ഗ്രാമവാസിയായ സതീഷ് ചന്ദ്ര ശുക്ലയ്ക്ക് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. പെൺമക്കള്‍ രണ്ട് പേരും വിവാഹിതരാണ്. രണ്ട് ആൺമക്കള്‍ ജോലിക്കായി പുറത്ത് താമസിക്കുകയാണ്. ശുക്ലയുടെ മകളായ ശാലിനിയുടെ ഭർത്താവ് അടുത്തിടെ ട്രെയിൻ അപകടത്തിൽ മരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവര്‍ സ്വന്തം വസതിയിലേക്ക് വരികയായിരുന്നു.
പണത്തിന് ആവശ്യം വന്നപ്പോള്‍ സഹോദരൻ ബ്രിജേഷിന് കടം നൽകിയ പണം ശാലിനി തിരികെ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ സഹോദരൻ ബ്രിജേഷ് വീട്ടില്‍ നിന്നും പോയി. വൈകുന്നേരം സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശാലിനി വീണ്ടും പണം തിരികെ ചോദിച്ചു. തുടര്‍ന്ന് പ്രകോപിതനായ ബ്രിജേഷ് അനധികൃതമായി കൈവശം വെച്ച പിസ്റ്റൾ ഉപയോഗിച്ച് സഹോദരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ സഹോദരൻ ശ്രാവൺ ബ്രിജേഷിനെ ചോദ്യം ചെയ്‌തു. ഇത് കേട്ട ബ്രിജേഷിൻ്റെ പ്രായപൂർത്തിയാകാത്ത മകൻ ശ്രാവണെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്രാവണ് ഗുരുതരമായി പരിക്കേറ്റു.
യുവാവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു. പൊലീസ് സ്ഥലത്തെത്തി ഫോറൻസിക് സംഘത്തിൻ്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. സഹോദരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
പ്രതിയായ സഹോദരനെ പൊലീസ് പിടികൂടിയുട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. ഒരു സഹോദരനിൽ നിന്ന് 28,000 രൂപയും മറ്റൊരാളിൽ നിന്ന് 15,000 രൂപയും ഒരാളിൽ നിന്ന് ഒരു ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. മൂന്ന് സഹോദരന്മാരും പ്രതിയില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് സഹോദരിമാർ രണ്ടുപേരും ചൊവ്വാഴ്‌ച വീട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍ നടപടി നടന്നു വരികയാണ്.