ന്യൂഡല്‍ഹി: ലോക്‌സഭ അനിശ്ചിതമായി പിരിയുന്നതിന് മുമ്പ് ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടു. ഇതിനുള്ള പ്രമേയം ശബ്‌ദവോട്ടോടെയാണ് പാസാക്കിയത്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പ്രമേയം അവതരിപ്പിച്ചത്.
സംയുക്ത സമിതിയിലേക്കുള്ള രാജ്യസഭാംഗങ്ങളുടെ പേരുകള്‍ ലോക്‌സഭയെ അറിയിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. സമിതിയിലെ 27 അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നാകും. പന്ത്രണ്ട് പേരാണ് രാജ്യസഭയില്‍ നിന്നുണ്ടാകുക. മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, പി പി ചൗധരി എന്നിവരാണ് ബിജെപിയില്‍ നിന്ന് സമിതിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്ക ഗാന്ധിയും സമിതിയിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്‌ചയാണ് ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതുള്‍പ്പെടെയുള്ള രണ്ട് ബില്ലുകളാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി പരിശോധിക്കുക.
കൂടുതല്‍ കക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കാനായി സംയുക്ത സമിതിയുടെ അംഗസംഖ്യ 31ല്‍ നിന്ന് 39 ആക്കി ഉയര്‍ത്തി. ശിവസേന(യുബിടി), സിപിഐ(എം), ലോക്‌ജനശക്തി പാര്‍ട്ടി(രാംവിലാസ്), സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളില്‍ നിന്ന് ഓരോ അംഗങ്ങള്‍, ബിജെപിയില്‍ നിന്ന് രണ്ട് പേര്‍ എന്നിങ്ങനെയാണ് സമിതിയിലെ കക്ഷികളുടെ പ്രാതിനിധ്യം.
ബിജെപിയില്‍ നിന്ന് ബൈജയന്ത് പാണ്ട, സഞ്ജയ് ജയ്സ്വാള്‍, എസ്‌പിയില്‍ നിന്ന് ചോട്ടെലാല്‍, ശിവസേന(യുബിടി)യുടെ അനില്‍ ദേശായ്, എല്‍ജെപിയുടെ ശാംഭവി, സിപിഎമ്മിന്‍റെ കെ രാധാകൃഷ്‌ണന്‍ എന്നിവരാണ് സമിതിയിലുള്ളത്. ഭരണഘടന ഭേദഗതി ചെയ്യണമെന്നതടക്കമുള്ള ബില്ല് സമിതി പരിശോധിക്കും.
അനുരാഗ് താക്കൂറിനും പി പി ചൗധരിക്കും പുറമെ ബിജെപിയില്‍ നിന്ന് ഭര്‍തൃഹരി മഹ്‌താബും സമിതിയിലുണ്ട്. ലോക്‌സഭയില്‍ നിന്നുള്ള അംഗങ്ങളില്‍ പതിനേഴ് പേരും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നുള്ളവരാണ്. ഇതില്‍ പന്ത്രണ്ട് പേര്‍ ബിജെപി അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്.
ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിൽ അനാവശ്യ സ്വാധീനം ചെലുത്തുമെന്നും പ്രാദേശിക പാർട്ടികളുടെ സ്വയംഭരണാവകാശത്തെ ഇത് തകർക്കുമെന്നുമാണ് പ്രതിപക്ഷ വാദം.
ഇത് പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉള്‍പ്പെടെ ഭരണപക്ഷത്തിന് അനുകൂലമാക്കി മാറ്റാനുള്ള ബിജെപി അജണ്ട ആണെന്നും ആരോപണമുണ്ട്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കുന്ന ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024 എന്നിവ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ മന്ത്രിസഭയുടെ അംഗീകാരത്തിനായി പരിഗണിച്ചപ്പോൾ, വിശദമായ ചർച്ചയ്ക്ക് ജെപിസിക്ക് അയക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Also Read: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ' ലോക്‌സഭയില്‍; എന്തൊക്കെയാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍?