ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിരിവാളിനും ഇന്ത്യ ബ്ലോക്കിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ. അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ മതിലായി മാറിയെന്നും പ്രതിപക്ഷ സഖ്യത്തെ തെരഞ്ഞെടുപ്പിലൂടെ തുടച്ചുനീക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സ്വന്തം അത്യാഗ്രഹത്തിനുവേണ്ടി സഖ്യമുണ്ടാക്കിയവരാണ് അവർ. അവരുടെ നയങ്ങൾ, നേതൃത്വം, പ്രത്യയശാസ്‌ത്രങ്ങൾ, ദിശകൾ ഇവ ഒന്നും സമാനമല്ല.
ജയിലിൽ പോകുന്നത് തടയാനാണ് അവർ ഈ കൂട്ടുകെട്ടുണ്ടാക്കിയത്. കെജ്‌രിവാൾ അഴിമതിയുടെ മതിലായി മാറി, ജയിലിനുള്ളിൽ മാനസിക സ്ഥിരത നഷ്‌ടപ്പെട്ട് അദ്ദേഹം എന്തും പറഞ്ഞുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് സത്യം അറിയാം, അവർ രാജ്യത്തുടനീളം ഇന്ത്യൻ സഖ്യത്തെ ഇല്ലാതാക്കാൻ പോകുകയാണെന്നും ചൗഹാൻ പറഞ്ഞു.
ബിജെപി നോർത്ത്-ഈസ്‌റ്റ് ഡൽഹി സ്ഥാനാർഥി മനോജ് തിവാരിക്ക് വേണ്ടി ഇന്നലെ പ്രചാരണത്തിനെത്തിയതായിരുന്നു ചൗഹാൻ. "അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ 'അഴിമതി വാളാണ്'. അഴിമതിയുടെ മതിലായി അദ്ദേഹം മാറിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പാർട്ടി എവിടെ ജയിച്ചാലും അവർ അഴിമതി നടത്തുന്നു. അണ്ണാഹസാരെ പ്രസ്ഥാനത്തിന്‍റെ ഉത്‌പന്നമായ കെജ്‌രിവാൾ മദ്യ കുംഭകോണത്തിൽ പങ്കാളിയാകുമെന്ന് ആരും കരുതിയിരിക്കില്ല.
ആം ആദ്‌മി പാർട്ടിയുടെ നേതാക്കളിൽ പകുതി പേർ ജയിലിലും പകുതി പേർ ജാമ്യത്തിലുമാണ്' -ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നോർത്ത് ഈസ്‌റ്റ് നിന്നുള്ള ബിജെപി സിറ്റിങ് എംപി മനോജ് തിവാരി കോൺഗ്രസിന്‍റെ കനയ്യ കുമാറിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. തന്നെ തടവിലാക്കിയതിലൂടെ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നിൽക്കുന്നുവെന്നാരോപിച്ച് ഇന്നലെ രാവിലെ അരവിന്ദ് കെജ്‌രിവാൾ ഭാരതീയ ജനത പാർട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലെ കുരുക്ഷേത്രയിൽ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു, 'ഞാൻ നിങ്ങളെ എല്ലാവരെയും കാണാൻ ജയിലിൽ നിന്ന് നേരെ വരുന്നു. 50 ദിവസം ജയിലിൽ കിടന്ന് 5 കിലോ ഭാരം കുറഞ്ഞു. മാർച്ച് 16 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, മാർച്ച് 21 ന് അവർ എന്നെ അറസ്‌റ്റ് ചെയ്‌തു. അവരുടെ ഉദ്ദേശ്യങ്ങൾ മോശമായിരുന്നു, അതായത് ഞാൻ തെരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണം നടത്താൻ അവർ ആഗ്രഹിക്കുന്നില്ല.'