ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ പുതിയ ഇടക്കാല സര്‍ക്കാര്‍ എങ്ങനെ ഭരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ് ജോയ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ ഇടക്കാല സര്‍ക്കാരിന്‍റെ കീഴിലുള്ള തന്‍റെ രാജ്യത്തെക്കുറിച്ച് അദ്ദേഹം ആശങ്കകളും പ്രതീക്ഷകളും പങ്കിട്ടത്.
ബംഗ്ലാദേശില്‍ നിയമവാഴ്‌ച തകര്‍ന്നിരിക്കുന്നു. മോഷണവും പിടിച്ച് പറിയും നിത്യസംഭവങ്ങളായി മാറി. സൈന്യത്തെ വിന്യസിച്ചിരിക്കുന്ന ധാക്കയില്‍ മാത്രമാണ് കാര്യങ്ങള്‍ക്ക് തെല്ല് ഭേദമുള്ളത്. ഡോ. യൂനുസ് രണ്ടാം സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. അദ്ദേഹത്തിന് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനാകുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അദ്ദേഹം അത്ര മാത്രം കഴിവുറ്റ ഭരണാധികാരിയാണോയെന്ന് നമുക്ക് കാണാമെന്നും സജീബ് പറഞ്ഞു.
നൊബേല്‍ സമാധാന സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് അധികാരമേറ്റെടുക്കാനായി കഴിഞ്ഞ ദിവസമാണ് രാജ്യത്ത് എത്തിയത്. ഹസീനയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്‌ടമായവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. കൊല്ലപ്പെട്ടവരുടെ ത്യാഗം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഏറെ മഹത്തായ ദിവസമാണെന്നും ഇടക്കാല സര്‍ക്കാരിന്‍റെ നേതൃത്വമേറ്റെടുക്കാനെത്തിയ യൂനുസ് പറഞ്ഞിരുന്നു. ബംഗ്ലാദേശിന്‍റെ പുതിയ വിജയദിനമാണിത് എന്നും പ്രതികരിച്ചിരുന്നു.
ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്വസ്ഥതയ്ക്ക് പാകിസ്ഥാനും എണ്ണ പകര്‍ന്നുവെന്ന് സജീബ് ആരോപിച്ചു. സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അവര്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ തുടങ്ങി. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചവരുടെ പക്കല്‍ തോക്കുകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശില്‍ തോക്കുകള്‍ വാങ്ങല്‍ അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെ ഇവരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ മറ്റാരോ എത്തിച്ച് നല്‍കിയതാണ്. വിദേശ ചാരസംഘടനകള്‍ക്ക് മാത്രമേ ഇത് സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്‌ച രാത്രിയില്‍ യൂനുസ് പുതിയ ഇടക്കാല സര്‍ക്കാരിന്‍റെ തലവനായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനായ സര്‍ക്കാര്‍ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന്‍റെ കീഴിലാകും പ്രവര്‍ത്തിക്കുക. ഹസീനയെ പുറത്താക്കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകുന്നത്.
ആദ്യം നിരാശയിലായിരുന്നെങ്കിലും ഇപ്പോള്‍ തന്‍റെ മാതാവ് നല്ല ആത്മവിശ്വാസത്തിലാണെന്നും സജീബ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് അവര്‍ കരുതിയിരുന്നേയില്ല. ഇനി എന്ത് വേണമെന്ന് അവര്‍ തീരുമാനിക്കും. തങ്ങളുടെ ജനതയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ കടമ്പയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ മാതാവ് ആരെയും അഭയത്തിനായി സമീപിച്ചിട്ടില്ല. അത്തരത്തിലൊരു തീരുമാനം എടുത്തിട്ടുമില്ല. ജനാധിപത്യം പുനഃസ്ഥാപിച്ച് കഴിഞ്ഞാല്‍ ബംഗ്ലാദേശിലേക്ക് തിരികെ പോകാന്‍ തന്നെയാണ് തീരുമാനം. രാഷ്‌ട്രീയത്തില്‍ സജീവമാകുമോ ഇല്ലയോ എന്നുള്ളതിന് യാതൊരു പ്രാധാന്യവുമില്ല. അധികാരത്തില്‍ നിന്നൊഴിഞ്ഞ് സ്വന്തം ഗ്രാമത്തിലെ വീട്ടില്‍ സ്വസ്ഥമായി വിശ്രമിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: എക്‌സ്‌ക്ലൂസീവ്; 'ഞങ്ങള്‍ മരിച്ചിട്ടില്ല, അവാമി ലീഗ് തിരിച്ച് വരും': ഷെയ്ഖ് ഹസീനയുടെ മകന്‍