കൊല്‍ക്കത്ത: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ കരട് പ്രകടന പത്രിക ഫെബ്രുവരി 15നകം പുറത്തിറക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവസാനത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രിക പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു(Shashi Tharoor MP About Congress Manifesto For LS Poll). പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച 'ഷേപ്പ് ദ ഫ്യൂച്ചർ' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി ശശി തരൂര്‍.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്‌ത് കാതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കുക. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നടപടിക്രമങ്ങളുണ്ട്. ഫെബ്രുവരി 15നകം കരട് പ്രകടന പത്രിക പുറത്തിറക്കും. തുടര്‍ന്ന് വര്‍ക്കിങ് കമ്മിറ്റി അത് അംഗീകരിക്കുകയും വേണം. ഇതിനെല്ലാം ശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ പ്രകടന പത്രിക പുറത്തിറക്കുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
ഓരോ പാര്‍ട്ടികളും അവരുടേതായ പ്രകടന പത്രിക പുറത്തിറക്കാനുള്ള തിരക്കിലാണ്. മറ്റ് പാര്‍ട്ടികളുടെ പ്രകടന പത്രികകളില്‍ നിന്നും വളരെ വ്യത്യസ്‌തമായി പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്‌മ, വിലക്കയറ്റം, നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായം, സ്‌ത്രീകളുടെ അവകാശങ്ങള്‍, യുവാക്കളുടെയും കര്‍ഷകരുടെ പ്രയാസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കുക. സമൂഹത്തിനായ സ്വതന്ത്രവും നിഷ്‌പക്ഷവുമായ രീതിയിലാണ് പ്രകടന പത്രിക തയ്യാറാക്കുക. വ്യവസായം, സാമ്പത്തികം, ആരോഗ്യം, ബാങ്കിങ്, വിദ്യാഭ്യാസം, വിവരസാങ്കേതിക വിദ്യ, മാനവ വിഭവശേഷി, സാഹിത്യം, സാംസ്‌കാരികം, നിയമം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുമെന്നും ശശി തരൂര്‍ എംപി കൂട്ടിച്ചേര്‍ത്തു.