ന്യൂഡൽഹി: ഭരണഘടനാ പദവിയിലുള്ള മല്ലികാർജുൻ ഖാർഗെയെ ബഹുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സഭാ ചെയർമാന്‍റെയും ഉത്തരവാദിത്തമാണെന്ന് ശരത് പവാർ. പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മല്ലികാർജുൻ ഖാർഗെ ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയാണ്, പ്രധാനമന്ത്രിയായാലും സഭാ ചെയർമാനായാലും, അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, എന്നാൽ ഇന്ന് അതെല്ലാം അവഗണിക്കപ്പെട്ടു. അതിനാൽ മുഴുവൻ പ്രതിപക്ഷവും അദ്ദേഹത്തോടൊപ്പമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഇറങ്ങിപ്പോയി” - ശരത് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യ സഭയിലെ പ്രതിപക്ഷ വാക്കൗട്ടില്‍ മല്ലികാർജുൻ ഖാർഗെ നേരത്തെ പ്രതികരിച്ചിരുന്നു. 'രാജ്യസഭയിലെ നന്ദി പ്രമേയത്തിനുള്ള മറുപടിക്കിടെ പ്രധാനമന്ത്രി തെറ്റായ കാര്യങ്ങൾ പറഞ്ഞതിനാൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി' - മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കള്ളം പറയുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സത്യത്തിന് അതീതമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളല്ല ഭരണഘടന ഉണ്ടാക്കിയത്, നിങ്ങൾ അതിന് എതിരായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞുവെന്ന് എന്ന് ഖാർഗെ കൂട്ടിച്ചേർത്തു. വാക്കൗട്ട് കഴിഞ്ഞയുടൻ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ഖാർഗെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
"ഭരണഘടനയ്‌ക്ക് ആരായിരുന്നു എതിര്. ആർഎസ്എസ് 1950 ൽ അതിനെതിരെ എഡിറ്റോറിയല്‍ എഴുതി. അവർ ഭരണഘടനയെ എതിർത്തു. അംബേദ്കറുടെയും നെഹ്‌റുവിൻ്റെയും കോലം കത്തിച്ചു. ഇപ്പോള്‍ ഞങ്ങൾ ഭരണഘടനയെ എതിർക്കുന്നു എന്നാണ് അവർ പറയുന്നത്" -ഖാർഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടിക്കിടെ ഖാർഗെക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും എൻസിപി - എസ്‌സിപി നേതാവ് ശരദ് പവാറും ഇറങ്ങിപ്പോയിരുന്നു. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിൻ്റെ ആഘാതം ഏറ്റുവാങ്ങേണ്ടിയിരുന്ന ഒരാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ‘കവചം’ നൽകി സംരക്ഷിച്ചുവെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു.
"കുടുംബം" സുരക്ഷിതമായി തുടരുന്നതിന് പാർട്ടി മോശമായി പ്രവർത്തിക്കുമ്പോഴെല്ലാം കുറ്റപ്പെടുത്താൻ ഗാന്ധി കുടുംബം മറ്റ് നേതാക്കളെ, സാധാരണയായി ഒരു ദലിത് അല്ലെങ്കിൽ ഒബിസിയെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
"ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ, മൂലധന വിപണിയിൽ കുതിച്ചുചാട്ടം മാത്രമല്ല, ലോകമെമ്പാടും ആഹ്ലാദത്തിൻ്റെ അന്തരീക്ഷവുമുണ്ട്. ഇതിനിടയിൽ, കോൺഗ്രസുകാരും സന്തോഷത്തിലാണ്. ഈ സന്തോഷത്തിൻ്റെ കാരണം എനിക്ക് മനസിലാകുന്നില്ല. രാജ്യം നഷ്‌ടത്തിൻ്റെ ഹാട്രിക് 90 ലേക്ക് വീണതാണോ ഈ സന്തോഷത്തിന്‍റെ കാരണം?" എന്ന് പ്രധാനമന്ത്രി ചോദിച്ചു.
''ഖാർഗെ ജി പോലും ഊർജസ്വലനായാണ് കണ്ടത്. ഒരുപക്ഷെ ഖാർഗെ തൻ്റെ പാർട്ടിയെ ഒരുപാട് സേവിച്ചത് അദ്ദേഹം വേണ്ടപ്പെട്ട ഒരാളെ സംരക്ഷിച്ചതുകൊണ്ടാകാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ തോൽവിയുടെ ഭാരവും ഏറ്റുവാങ്ങി, പകരം അദ്ദേഹം ഒരു മതിൽ പോലെ നിന്നു ” എന്നും പ്രധാനമന്ത്രി പറഞ്ഞു.