മധ്യപ്രദേശ്: ബാഗേശ്വർ ധാമിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ, ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് തീർഥാടകരുടെ ജീവൻ പൊലിഞ്ഞു. അമിത വേഗത്തിൽ വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു. 5 പേർ സംഭവസ്ഥലത്തുവെച്ചും 2 പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരണപ്പെട്ടു.
ഒരു വയസുകാരിയുടെ തല മുണ്ഡനം ചെയ്യാൻ പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽ പെട്ടത്. ഛത്തർപൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബാഗേശ്വർ ധാമിലേക്ക് ഓട്ടോയില്‍ പോകവെയാണ് അപകടം. ഛത്തർപൂർ ജില്ലയിലെ കദാരിക്ക് സമീപം എൻഎച്ച്-39 ൽ വെച്ച് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെ സനോധ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.
അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ സാഗർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ മരിച്ചിരുന്നു. സാഗറിലെ ആശുപത്രിയിൽ രോഗബാധിതനായ കുടുംബാംഗത്തെ സന്ദർശിച്ച ശേഷം പർസോറിയ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളാണ് മരിച്ചത്.
Also Read: പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു: പത്ത് പേർക്ക് ദാരുണാന്ത്യം, 27 പേർക്ക് പരിക്ക്