കൊൽക്കത്ത : വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ ആർജി കർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ (ആർജികെഎംസിഎച്ച്) മുന്‍ പ്രിൻസിപ്പാള്‍ സന്ദീപ് ഘോഷിന്‍റെ രണ്ടാം ഘട്ട നുണ പരിശോധന നടത്തി. അന്വേഷണത്തില്‍ സന്ദീപ് ഘോഷ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ രണ്ടാം ഘട്ട നുണ പരിശോധനയിലേക്ക് കടന്നത്. ആശുപത്രിയിലെ അഞ്ച് പേർ കൂടി രണ്ടാമതും നുണ പരിശോധനകൾക്ക് വിധേയരായി എന്നാണ് അടുത്ത വൃത്തം അറിയിച്ചത്.
ശനിയാഴ്‌ചയാണ് ഘോഷിനെയും മറ്റ് അഞ്ച് പേരെയും ആദ്യഘട്ട നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. മുഖ്യപ്രതി സഞ്ജയ് റോയിയെ ഞായറാഴ്ചയും നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിലെ സാമ്പത്തിക ക്രമക്കേടുകളിൽ സന്ദീപ് ഘോഷിനും മുൻ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പാളുമായ സഞ്ജയ് വസിഷ്‌ഠിനുമുള്ള പങ്കിനെ കുറിച്ച് ഏജൻസി അന്വേഷണം ആരംഭിച്ചിരുന്നു.
ബലാത്സംഗക്കൊലക്കേസിനൊപ്പം ആര്‍ജി കര്‍ ആശുപത്രിയിലെ അഴിമതിയാരോപണങ്ങളും സിബിഐ സജീവമായി അന്വേഷിക്കുന്നുണ്ട്. ഘോഷ് ഉപയോഗിച്ച കമ്പ്യൂട്ടറും നിരവധി രേഖകളും ആർജി കർ ആശുപത്രിയിൽ നിന്ന് സിബിഐ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആർജി കർ ആശുപത്രിയിലെ അന്നത്തെ പ്രിൻസിപ്പാളായിരുന്ന സന്ദീപ് ഘോഷിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതായി സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു.
ഘോഷ് തന്‍റെ അഡീഷണൽ സെക്യൂരിറ്റി ഗാർഡായ അഫ്‌സർ ഖാനുമായി നല്ല അടുപ്പം വളർത്തിയെടുത്തിരുന്നെന്നും ഇയാള്‍ക്ക് കഫേ തുടങ്ങാന്‍ ആശുപത്രി പരിസരത്ത് റൂം ഏര്‍പ്പെടുത്തി നല്‍കിയതായും സിബിഐ കണ്ടെത്തി. എന്നാല്‍ ഘോഷ് ഇതിന് ഒരു ടെൻഡറും എടുത്തിരുന്നില്ല. കഫേ നിർമ്മിക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുവെന്നും നിയമവിരുദ്ധമായാണ് ഘോഷ് മുഴുവൻ നടപടികളും പൂർത്തിയാക്കിയതെന്നും സിബിഐ ആരോപിക്കുന്നു.
Also Read : കൊല്‍ക്കത്തയിലെ യുവ ഡോക്‌ടറുടെ ബലാത്സംഗക്കൊല; അന്വേഷണം ഇഴയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്