ബെംഗളൂരു : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് രണ്ട് സീറ്റുകൾ മാത്രമേ പാർട്ടിക്ക് അനുവദിക്കൂ എന്ന റിപ്പോർട്ടുകളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ജനതാദൾ (സെക്കുലർ) (ജെഡിഎസ്) സംസ്ഥാന അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി (H D Kumaraswamy Unhappy Over Seat-Sharing In Karnataka). ജെഡിഎസിനോട് ആദരവോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകതയും കുറഞ്ഞത് 18 ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും പാർട്ടിയുടെ ശക്തി മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകതയും ബിജെപി നേതൃത്വത്തെ അറിയിക്കാൻ ജെഡിഎസ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസ് കോർ കമ്മിറ്റി അംഗങ്ങൾ, എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലെയും നിരീക്ഷകർ, ജില്ലാ പ്രസിഡൻ്റുമാർ, സിറ്റിങ്, മുൻ എംഎൽഎമാർ എന്നിവരുടെ യോഗം പാർട്ടി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്‌ച (18-03-2024) ചേർന്നിരുന്നു.
"എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഞാൻ സംസാരിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. ആറോ ഏഴോ സീറ്റുകൾ ഞാൻ ചോദിച്ചിട്ടില്ല. ചർച്ച ആരംഭിച്ച ദിവസം മുതൽ ഞങ്ങൾ മൂന്ന് മുതൽ നാല് സീറ്റുകൾ വരെ ചോദിക്കുന്നു, എന്നും കുമാരസ്വാമി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് സീറ്റ് പിടിക്കാൻ ഇത്രയധികം ശ്രമിക്കണോ, ഇത്രയധികം ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടോ, ഹാസനിലും മാണ്ഡ്യയിലും സ്വതന്ത്രരായി മത്സരിച്ചാലും നമ്മുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഇപ്പോൾ തന്നെ പറയാമെന്നും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഒരു ത്രികോണ മത്സരമുണ്ടെങ്കിൽ നമുക്ക് അനായാസം ജയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബറിൽ എൻഡിഎയിൽ ചേർന്ന ജെഡി(എസ്) ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി, സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. മാണ്ഡ്യ, ഹാസൻ, കോലാർ എന്നീ മൂന്ന് സീറ്റുകളിൽ പ്രാദേശിക പാർട്ടി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയും ജെഡിഎസും തമ്മിലുള്ള ധാരണ പ്രകാരം പ്രമുഖ കാർഡിയാക് സർജനും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി എൻ മഞ്ജുനാഥ് ബിജെപി ചിഹ്നത്തിൽ ബെംഗളൂരു റൂറൽ സീറ്റിൽ മത്സരിക്കുന്നുണ്ട്.
കോലാർ സീറ്റ് ജെഡിഎസിന് നൽകാൻ ബിജെപി തയ്യാറല്ല, ഇത് അവരെ അസന്തുഷ്‌ടരാക്കുന്നു എന്നാണ് റിപ്പോർട്ട്.