റിയാസി (ജമ്മു കശ്‌മീർ) : തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മു കശ്‌മീരിലെ റിയാസിയിൽ ഇന്ത്യൻ സൈന്യം തെരച്ചിൽ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്‌ഡിആർഎഫ്) റിയാസിയിൽ എത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തും പരിസരത്തും ഇടതൂർന്ന വനമേഖലകളിലും തെരച്ചിൽ നടത്തുന്നതിന് ഡ്രോണുകളും ഉപയോഗിക്കുന്നു.
ഭീകരാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടതായി റിയാസി ജില്ല കമ്മിഷണർ വിശേഷ് മഹാജൻ സ്ഥിരീകരിച്ചു. 33 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം ഞായറാഴ്‌ച വൈകുന്നേരം 6.15 ഓടെയാണ് സംഭവം.
![INDIAN ARMY LAUNCHED A SEARCH OPERATION JAMMU AND KASHMIR REASI TERROR ATTACK TERROR ATTACK AGAINST PILGRIMS ജമ്മു കശ്‌മീർ ഭീകരാക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/10-06-2024/21676039_terror.png)
രക്ഷാപ്രവർത്തനം പൂർത്തിയായതായും പരിക്കേറ്റവരെ നറൈന, റിയാസി ജില്ല ആശുപത്രികളിലേക്ക് മാറ്റിയതായും റിയാസി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്, മോഹിത ശർമ്മ അറിയിച്ചു. 'യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ,' അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ആക്രമണത്തെ അപലപിക്കുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. 'റിയാസിയിൽ ബസിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രക്തസാക്ഷികളായ സാധാരണക്കാരുടെ കുടുംബാംഗങ്ങളോട് എന്‍റെ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ സുരക്ഷ സേനയും ജെകെപിയും ചേർന്ന് ഭീകരരെ വേട്ടയാടാൻ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്' -മനോജ് സിൻഹ എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാകിസ്ഥാൻ ഒഴികെയുള്ള എല്ലാ അയൽരാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ടെന്നും ഈ നിമിഷത്തിലാണ് ആക്രമണം നടന്നതെങ്കിൽ അതിന്‍റെ ലക്ഷ്യം വളരെ വ്യക്തമാണെന്നും പ്രതിരോധ വിദഗ്‌ധൻ ഹേമന്ത് മഹാജൻ പറഞ്ഞു.
ALSO READ: ജമ്മു കശ്‌മീർ ഭീകരാക്രമണം; 'വേദനാജനകം': അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു